Sorry, you need to enable JavaScript to visit this website.

സൂക്ഷിച്ചോളൂ, തേച്ചുമിനുക്കിയില്ലെങ്കില്‍ രക്ഷയില്ല, തിരസ്കരിക്കപ്പെടും

വിജ്ഞാനത്തിന്റെ ലോകം അതിവേഗം വളർന്നു വികസിക്കുകയാണ്. സാങ്കേതിക രംഗമാവട്ടെ, വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വിധേയമാകുന്നതും. ഫലമോ, പുതിയ അപ്‌ഡേറ്റുകളും സംവിധാനങ്ങളുമില്ലാത്തവർ പുറംതള്ളപ്പെടുകയും നൂതനമായ ആശയങ്ങളും സാങ്കേതിക സൗകര്യങ്ങളുമുള്ളവർ വിജയ പാതയിൽ മുന്നേറുകയും ചെയ്യും.

കടുത്ത കിടമൽസരത്തിന്റെ ലോകത്താണ് നാം ജീവിക്കുന്നത്. ഏറ്റവും അനുയോജ്യമായവ നിലനിൽക്കുകയും അല്ലാത്തവ തിരസ്‌ക്കരിക്കപ്പെടുകയും ചെയ്യുമെന്നതാണ് ഈ കാലഘട്ടത്തിന്റെ സവിശേഷത. കഴിവ് വികസിപ്പിച്ചും മികവ് നിലനിർത്തിയും ജീവിത പാതയിൽ അടിയുറച്ചു നിൽക്കുന്നവരാണ് വിജയിക്കുക. 
മികച്ച പ്രകടനവും കുറ്റമറ്റ നിർവഹണവുമാണ് സാഹചര്യം ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ വിജയിക്കണമെങ്കിലും പിടിച്ചുനിൽക്കണമെങ്കിലും നാം നമ്മുടെ ശേഷിയും സംവിധാനവും ഏറ്റവും മികച്ച രീതിയിൽ തന്നെ പരിചരിക്കേണ്ടതുണ്ട്.  ഈയർഥത്തിലാണ് ഉപകരണങ്ങൾ മൂർച്ച കൂട്ടിയാണ് വിജയത്തിലേക്ക് കുതിക്കേണ്ടത് എന്നു പറയുന്നത്.  
മോശപ്പെട്ട തൊഴിലാളി എപ്പോഴും ഉപകരണങ്ങളെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുമെന്നാണ് ഇംഗഌഷുകാർ പറയാറുള്ളത്. ഒഴിവുകഴിവുകൾ കണ്ടെത്തുകയോ മറ്റാരെയെങ്കിലും കുറ്റപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്യുന്നതിന് പകരം കർമ രംഗത്ത് നിർവഹണം മെച്ചപ്പെടുത്തുന്നതിനാവശ്യമായ മികവും ശേഷികളും നേടിയെടുത്താണ് വിജയത്തിലേക്ക് മുന്നേറേണ്ടത്. 
ഒരു മരം മുറിക്കാൻ എനിക്ക് 6 മണിക്കൂർ സമയം തന്നാൽ ആദ്യ നാലു മണിക്കൂറും  മഴു മൂർച്ചകൂട്ടാനാണ് ഞാൻ പരിശ്രമിക്കുകയെന്ന അബ്രഹാം ലിങ്കന്റെ ശ്രദ്ധേയമായ വാക്കുകൾ വിജയിക്കണമെങ്കിൽ ഉപകരണങ്ങൾ മൂർച്ച കൂട്ടേണ്ടതിന്റെ പ്രാധാന്യമാണ് അടയാളപ്പെടുത്തുന്നത്. വിവേകികൾ  ജീവിത പരാജയത്തിന് കാരണങ്ങളെ പഴിക്കാതെ സ്വന്തം ശേഷിയും മിടുക്കും വർധിപ്പിക്കാനാണ് പരിശ്രമിക്കുക. കഴിവുകളും വിഭവങ്ങളും സാങ്കേതിക വിദ്യയും കുറ്റമറ്റതും കാര്യക്ഷമവുമായ രീതിയിൽ പ്രയോജനപ്പെടുത്തുമ്പോൾ കൂടുതൽ ഉൽപാദനക്ഷമത കൈവരിക്കാനാകുമെന്നത്  തെളിയിക്കപ്പെട്ട കാര്യമാണ്. 
ഏത് ജോലിയിലും പ്രസക്തമായ ഒരാശയമാണിത്. നിരന്തരമായ പരിശീലന പരിപാടികളും ബോധവൽക്കരണ സംരംഭങ്ങളുമൊക്കെ സാർവത്രികമായത് ഈ രീതിയിലുള്ള വൈദഗ്ധ്യവും നിർവഹണ മികവും സാക്ഷാൽക്കരിക്കുന്നതിന് വേണ്ടിയാണ്. 
ഒരു  ഗ്രാമത്തിലെ വിറക് വ്യാപാരിയുടെ കീഴിൽ കഠിനാധ്വാനിയായ  ഒരു മരം വെട്ടുകാരനുണ്ടായിരുന്നു. അദ്ദേഹം എല്ലാ ദിവസവും കുറെയേറെ മരം വെട്ടുമായിരുന്നു. എന്നാൽ   ഓരോ ദിവസവും ചെല്ലുതോറും അദ്ദേഹം വെട്ടുന്ന മരത്തിന്റെ അളവ് കുറഞ്ഞുവരാൻ തുടങ്ങി. സ്വഭാവികമായും മരം വെട്ടുകാരന്റെ കൂലിയിലും കുറവ് സംഭവിച്ചു. മരം വെട്ടുകാരൻ വ്യാപാരിയോട് ചോദിച്ചു, ഞാൻ എല്ലാ ദിവസത്തെ പോലെയും ഇന്നും വിശ്രമമില്ലാതെയാണ് മരം വെട്ടിക്കൊണ്ടിരുന്നത്. എന്നിട്ടെന്താണ് കൂലി കുറയ്ക്കുന്നത്. നീ കഠിനാധ്വാനം ചെയ്യുന്നുണ്ടാവാം. എന്നാൽ നീ വെട്ടുന്ന മരത്തിന്റെ അളവ് കുറഞ്ഞു വരുന്നുണ്ട്. നീ കൂടുതൽ മരം വെട്ടിയാൽ കൂടുതൽ കൂലി കിട്ടും എന്ന് മരം വെട്ടുകാരനോട് പറഞ്ഞു. അടുത്ത ദിവസം പുതിയ ഒരു മരം വെട്ടുകാരനും കൂടെ ഉണ്ടായിരുന്നു മരം വെട്ടാൻ. അന്നത്തെ ദിവസം  ജോലി കഴിഞ്ഞു കൂലി മേടിക്കുമ്പോൾ പഴയ മരം വെട്ടുകാരന് അന്നും കൂലി കുറവായിരുന്നു.
ഇന്ന് വന്ന അവന് എന്നേക്കാൾ കൂലി കൊടുക്കാൻ എന്താണ് കാരണമെന്ന് അയാൾ വ്യാപാരിയോട് തിരക്കി. നീ അവൻ വെട്ടിയ മരം ഒന്ന് നോക്കൂ. നീ വെട്ടിയതിനേക്കാൾ കൂടുതൽ മരം അവൻ വെട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് അവന് കൂടുതൽ കാശ് കൊടുത്തത്. നീ കൂടുതലായി വെട്ടിയാൽ നിനക്കും കൂടുതൽ കാശ് കിട്ടും.  
അടുത്ത ദിവസവും ഇതു തന്നെ സംഭവിച്ചു. വീണ്ടും അയാൾ വ്യാപാരിയുടെ അടുത്തേക്ക് പരാതിയുമായി ചെന്നു. വ്യാപാരി അദ്ദേഹത്തോട് പറഞ്ഞു, നീ അവനോടു തന്നെ ചോദിക്ക് എന്തുകൊണ്ടാണ് ഇത്രയും മരം വെട്ടാൻ കഴിയുന്നതെന്ന്. അങ്ങനെ പുതിയ മരംവെട്ടുകാരനോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു. ഞാൻ നിന്നെപ്പോലെ വെറുതെ ഇരിക്കുന്നില്ല. വിശ്രമമില്ലാതെ തുടർച്ചയായി ഞാൻ മരം വെട്ടുന്നു. എന്നിട്ടും എന്താണ് എനിക്ക് നിന്നെപ്പോലെ മരം വെട്ടാൻ കഴിയാത്തത്?
പുതിയ മരം വെട്ടുകാരൻ പറഞ്ഞു: നിങ്ങൾ നോക്കുമ്പോൾ ഞാൻ വെറുതെ ഇരിക്കുന്നതായിരിക്കും കാണുന്നത്. എന്നാൽ ഞാനെന്റെ വിശ്രമ വേളയിൽ എന്റെ മഴു മൂർച്ച കൂട്ടുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് എനിക്ക് കൂടുതൽ മരം വെട്ടാൻ സാധിക്കുന്നത്. നീ നിന്റെ മഴു അവസാനമായി മൂർച്ച കൂട്ടിയത് എന്നാണെന്ന് ചോദിച്ചപ്പോൾ പഴയ മരം വെട്ടുകാരൻ പറഞ്ഞു. ഞാൻ മഴു വാങ്ങിയിട്ട് പിന്നെ ഇതുവരെ മൂർച്ച കൂട്ടിയില്ല.
ഈ മരം വെട്ടുകാരനെപ്പോലെയെണ്  പലരുടെയും ജീവിതം.  നിരന്തരം കഠിനാധ്വാനം ചെയ്യുന്നുണ്ട്.   പക്ഷേ ഫലമൊന്നും അതിൽനിന്ന് നേടിയെടുക്കാൻ പലർക്കും സാധിക്കാത്തത് ലക്ഷ്യബോധവും ശ്രദ്ധയും ഇല്ലാത്തതുകൊണ്ടാണ്, ഉയർച്ചക്കു വേണ്ടി പഠിക്കാനും വളരാനും തയാറല്ലാത്തതുകൊണ്ടാണ്.
വ്യക്തമായ ലക്ഷ്യമില്ലാതെ ഇതു പോലെയുള്ള ഒരവസ്ഥയിലൂടെ നിങ്ങളും കടന്നു പോയികൊണ്ടിരിക്കുകയാണെങ്കിൽ  ഇനിയും മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു.  നിങ്ങൾക്ക് നിങ്ങളുടെ മേഖലയിൽ കഴിവ് തെളിയിക്കണമെങ്കിൽ നിങ്ങളുടെ മഴു മൂർച്ച കൂട്ടിയേ തീരൂ. 
വിജ്ഞാനത്തിന്റെ ലോകം അതിവേഗം വളർന്നു വികസിക്കുകയാണ്. സാങ്കേതിക രംഗമാവട്ടെ, വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വിധേയമാകുന്നതും. ഫലമോ, പുതിയ അപ്‌ഡേറ്റുകളും സംവിധാനങ്ങളുമില്ലാത്തവർ പുറംതള്ളപ്പെടുകയും നൂതനമായ ആശയങ്ങളും സാങ്കേതിക സൗകര്യങ്ങളുമുള്ളവർ വിജയ പാതയിൽ മുന്നേറുകയും ചെയ്യും. 
രണ്ട് വർഷം മുമ്പ് ഖത്തറിൽ നടന്ന വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ എഡ്യൂക്കേഷന്റെ പ്രമേയം തന്നെ  ൗിഹലമൃി, ൃല ഹലമൃി എന്നതായിരുന്നുവെന്ന ആനുഷംഗികമായി ഓർക്കുന്നു. ജീവിതത്തിന്റെ ഏത് മേഖലയിലുമുള്ളവർ, വിശിഷ്യാ വിദ്യാഭ്യാസ രംഗത്തുള്ളവർ നേരത്തെ പഠിച്ച കാര്യങ്ങളും സാങ്കേതിക വിദ്യകളും ജീവിക്കുന്ന കാലത്തിന് അനുഗുണമല്ലെങ്കിൽ അവ മറന്ന് പുതുതായി പഠിച്ചെടുക്കണമെന്ന മഹത്തായ പ്രമേയമാണ് ലോക വിദ്യാഭ്യാസ ഉച്ചകോടി ചർച്ച ചെയ്തത്. മൂർച്ചയില്ലാത്ത മഴുവുമായി മരം വെട്ടി പരാജിതരാവാതെ എല്ലാ സംവിധാനങ്ങളോടെയും സൗകര്യങ്ങളോടെയും നമ്മുടെ ശേഷികളെ മൂർച്ച കൂട്ടി മികച്ച പ്രകടനത്തിന് സജ്ജമാക്കുന്നതിലൂടെ  മാത്രമേ വിജയക്കൊടി പാറിക്കാനാകൂ. 
ഏത് മേഖലയിലാണെങ്കിലും ആ രംഗത്തെ നൂതന സാങ്കേതിക വിദ്യയും സംവിധാനങ്ങളും സ്വായത്തമാക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുവാൻ പരിശ്രമിക്കുകയും ചെയ്യണമെന്ന വിജയമന്ത്രം നാം ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്തതാണ്.
 

Latest News