ബംഗളൂരു- കോവിഡ് പ്രതിരോധ മരുന്നായ കോവാക്‌സിന്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലില്‍ ഒരാഴ്ചത്തെ നിരീക്ഷണം. ഐ.സി.എം.ആറിന്റെ ബംഗളൂരു ബ്രാഞ്ചായ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫര്‍മാറ്റിക്‌സ് ആന്റ് റിസേര്‍ച്ച് -എന്‍.സി.ഡി.ഐ.ആര്‍ ആണ് കുത്തിവെപ്പ് എടുത്തവരെ നിരീക്ഷിക്കാനുളള നോഡല്‍ ഓഫീസ്.
പ്രതിരോധ കുത്തിവെപ്പ് എടുത്താവരെ ഏഴു ദിവസം വിളിച്ച് അന്വേഷിക്കാനും നിരീക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വാക്‌സിന്‍ എടുത്തവരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് എന്‍.സി.ഡി.ഐ.ആറിന് അയക്കാനാണ് നിര്‍ദേശം.
കര്‍ണാടകയില്‍ ചാമരാജ് നഗര്‍, ദാവണഗരെ, ഹാസന്‍, ചിക്കമംഗ്ലൂരു, ശിവമോഗ, ബല്ലാരി ജല്ലികളിലാണ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ നല്‍കുന്നത്.
കോവാക്‌സിന്‍ സ്വീകരിച്ചവരുടെ നിരീക്ഷണത്തില്‍ ആശയക്കുഴപ്പങ്ങളും ഇരട്ടി ഫോണ്‍ വിളികളും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി ഏകോപനം നടത്തുന്നുണ്ടെന്ന് എന്‍.സി.ഡി.ഐ.ആര്‍ ഡയരക്ടര്‍ ഡോ. പ്രശാന്ത് മാഥൂര്‍ പറഞ്ഞു. വിവിധ ഏജന്‍സികള്‍ വിളിച്ച് വാക്‌സിന്‍ സ്വീകരിച്ചവരെ പ്രയാസപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കും. കോവാക്‌സിന്‍ സ്വീകരിച്ചവര്‍ ട്രയലിന്റെ ഭാഗമാണെന്നും ഇതുവരെ പാര്‍ശ്വ ഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.