ആലപ്പുഴ- ഒരു ശതമാനം പോലും സത്യമില്ലാത്ത കാരണങ്ങൾ കൊണ്ടാണ് താൻ രാജിവെച്ചതെന്ന് മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ തോമസ് ചാണ്ടി. ആലപ്പുഴ നെടുമുടിയിലെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തോമസ് ചാണ്ടി ഇക്കാര്യം പറഞ്ഞത്. ആലപ്പുഴ ജില്ലാ കലക്ടർ നൽകിയ റിപോർട്ടാണ് രാജിയിലേക്ക് നയിച്ചത്. കലക്ടർ നൽകിയ റിപ്പോർട്ടിൽ തനിക്കെതിരായ പരാമർശത്തിനെതിരെയാണ് കോടതിയിലേക്ക് പോയത്. എന്നാൽ ഹൈക്കോടതി വിധിയിലെ ചില വാക്കുകൾ തനിക്കും മന്ത്രിസഭക്കും എതിരായുള്ളതായിരുന്നു. അതിനാലാണ് രാജിവെച്ചത്. ഇതിനെതിരെ. നാളെ തന്നെ സുപ്രീം കോടതിയെ സമീപിക്കും.
എന്നോട് മാറിനിൽക്കണമെന്ന് പറയാൻ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറി കോടിയേരിക്കും മടിയായിരുന്നു. ഞാൻ അങ്ങോട്ട് ചോദിക്കുകയായിരുന്നു. അവർ ഗ്രീൻ സിഗ്നൽ തന്നത് കൊണ്ടാണ് രാജിവെച്ചത്. കേസ് തീരുമാനമായാൽ തിരിച്ചുവരും. ഞാനോ ശശീന്ദ്രനോ ആരാണോ ആദ്യം കുറ്റവിമുക്തനാകുന്നത് അവരിലൊരാൾ മന്ത്രിയാകും. വിദേശത്തുനിന്ന് ഇവിടെ വന്നിരിക്കുമ്പോൾ എനിക്ക് ഒരുപാട് നഷ്ടമുണ്ട്. എങ്കിലും അതൊന്നും പരിഗണിക്കാതെ മന്ത്രിയായി തുടരുന്നതിൽ പ്രശ്നമില്ല. അഞ്ചുദിവസം മുമ്പു വരെ രാജിയെ പറ്റി ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.
ആലപ്പുഴ കലക്ടറെ നിയോഗിച്ചത് സി.പി.ഐ ആണ്. കലക്ടർ നൽകിയ റിപ്പോർട്ടിനെതിരെ കേസിന് പോയത് അവർക്ക് പ്രശ്നമുണ്ടായിട്ടുണ്ടാകും. കോടതി പരാമർശം വന്ന ശേഷമാണ് തന്റെ രാജി വേണമെന്ന നിലപാടിലേക്ക് സി.പി.ഐ വന്നത്. സി.പി.ഐ മുന്നണി മര്യാദ ലംഘിച്ചു. ഒരു പാർട്ടിയുടെ ആഭ്യന്തരകാര്യത്തിൽ മറ്റൊരു പാർട്ടി ഇടപെടാൻ പാടില്ല എന്ന ധാരണയെയാണ് സി.പി.ഐ ലംഘിച്ചത്.
സി.പി.ഐക്ക് പിന്നിൽ ആരൊക്കെയുണ്ടോ എന്നത് സംബന്ധിച്ച് അറിയില്ല. വിവാദം തുടങ്ങിവെച്ച ചാനലുകളാണോ ഇതിന് പിന്നിലുണ്ടോ എന്നുമറിയില്ല. മാർത്താണ്ഡം കായലിൽ ഭൂമി നികത്തിയെന്ന ആരോപണത്തെയും തോമസ് ചാണ്ടി നിഷേധിച്ചു. കായൽ കയ്യേറ്റമെന്ന് പറഞ്ഞവർ ഇപ്പോൾ അതിനെ പറ്റി മിണ്ടുന്നില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷനേതാവിനെയാണ് വെല്ലുവിളിച്ചത്. ആരെക്കൊണ്ടെല്ലാം ്അന്വേഷിച്ചാലും എന്റെ ചെറുവിരൽ തൊടാൻ പോലും പറ്റില്ല. കാരണം ഞാൻ തെറ്റു ചെയ്തിട്ടില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.