ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമന്റെ ശരീര ഭാഷയും, ഭാവഹാവങ്ങളും കണ്ടാൽ എല്ലാവരും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞ കാര്യം തലകുലുക്കി സമ്മതിക്കും- ആരെയും ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരനല്ല കുഞ്ഞിരാമൻ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ കുഞ്ഞിരാമപക്ഷവും അതുവഴി പാർട്ടിപക്ഷവും ചേർന്നുള്ള വാക്കുകൾ. കാസർകോട് ജില്ലയിലെ ബേക്കൽ കോട്ടക്ക് അടുത്തുള്ള ആലക്കോട് ഗ്രാമത്തിലുള്ള ജി.എൽ.പി സ്‌കൂൾ ചെർക്കപാറ കിഴക്കേഭാഗം എന്ന പോളിംഗ് സ്റ്റേഷനിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം ഉണ്ടായ സംഭവങ്ങളാണ് നിയമസഭക്കകത്തും പുറത്തും വൻ വിവാദമായി തീരുന്നത്. അവിടെ പ്രിസൈഡിങ് ഓഫീസറായിരുന്ന ശ്രീകുമാറിനെ ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ എം.എൽ.എയെ പിന്തുണച്ച മുഖ്യമന്ത്രി സി.പി.എംകാരനായ ഉദ്യോഗസ്ഥനെ അടിമുടി തള്ളിക്കളയുകയായിരുന്നു. അത്തരത്തിൽ ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരനല്ല കുഞ്ഞിരാമനെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ സംഘടനാ തലത്തിൽ കുഞ്ഞിരാമനും പാർട്ടിക്കും നൽകുന്ന ഊർജം ചെറുതായിരിക്കില്ല. എം.എൽ.എ പ്രിസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് എൻ.എ. നെല്ലിക്കുന്ന് നൽകിയ സബ്മിഷന് നിയമസഭയിൽ മറുപടി പറയവെ ആയിരുന്നു മുഖ്യമന്ത്രിയുടെ നിലപാട് പ്രഖ്യാപനം. കള്ളവോട്ട് നടന്നുവെന്ന പ്രചാരണം മറ്റെന്തോ ഉദ്ദേശ്യം വെച്ചാണെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പാണ്. വിഷയത്തിൽ പ്രിസൈഡിങ് ഓഫീസർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരുന്നുണ്ട്. എം.എൽ.എ ഭീഷണിപ്പെടുത്തി എന്നത് സംബന്ധിച്ച് യാതൊരു പരാതിയും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ബൂത്തിലെത്തിയത് വോട്ട് ചെയ്യാനാണ്. തർക്കം തീർക്കാനായിരുന്നു ശ്രമമെന്നും കുഞ്ഞിരാമൻ സഭക്ക് പുറത്തും അകത്തും വിശദീകരിച്ചിട്ടുണ്ട്. അവിടെ ഇരിക്ക് സാറെ എന്ന് ബഹുമാന പൂർവ്വമാണ് പ്രസൈഡിങ് ഓഫീസറോട് സംസാരിച്ചതെന്നാണ് കുഞ്ഞിരാമൻ നിയമസഭയിൽ തന്റെ പക്ഷം ന്യായീകരിച്ചത്.
പ്രതിപക്ഷം ആദ്യം അടിയന്തര പ്രമേയമായും ഒടുവിൽ ഉപക്ഷേപമായും സഭയിലെത്തിച്ച വിഷയത്തിൽ അവരുടെ പിടിവള്ളിയും ശക്തിയും ആരോപണം ഉന്നയിച്ചയാൾ അടിമുടി സി.പി.എംകാരനായ ഒരു പ്രൊഫസറാണ് എന്നതാണ്. വടക്കേമലബാറിലെ പാർട്ടി ഗ്രാമത്തിൽ ഒരു പോളിങ് അനുഭവം എന്ന പേരിൽ ഡോ. കെ.എം ശ്രീകുമാർ എന്ന ബുദ്ധിയും വിവരവുമുള്ള പാർട്ടി സഖാവ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾക്കെതിരെ കുഞ്ഞിരാമപക്ഷവും അതുവഴി പാർട്ടി പക്ഷവും ചേർന്ന മുഖ്യമന്ത്രിയുടെ നിലപാട് വരും ദിവസങ്ങളിൽ, കള്ളവോട്ടില്ലാത്ത കുറ്റമറ്റ തെരഞ്ഞെടുപ്പ് എന്ന വിഷയത്തിലുള്ള രാഷ്ട്രീയ സംവാദങ്ങളുടെ കേന്ദ്ര ബിന്ദുവായി മാറും. ശ്രീകമാറിനെതിരെ അന്ന് സി.പി.എമ്മിൽനിന്നുണ്ടായ ചില കഠിന കാര്യങ്ങൾ അദ്ദേഹത്തിന്റെ കുറിപ്പിൽനിന്ന് ഇങ്ങനെ മനസ്സിലാക്കാം- നിങ്ങൾ പ്രിസൈഡിങ് ഓഫീസറുടെ കസേരയിൽ ഇരുന്നാൽ മതി, ഒന്നാം പോളിങ് ഓഫീസർ രേഖ പരിശോധിക്കും. ഓഫീസർക്കാണ് ആകെ ഉത്തരവാദിത്തം. ഇത് കേട്ടപ്പോൾ ആത്മാഭിമാനമുള്ള ശ്രീകുമാർ ഞാൻ എവിടെയിരിക്കണമെന്ന് എനിക്കറിയാം എന്ന് പെട്ടെന്ന് ധിക്കാരിയായതായും എഴുതുന്നുണ്ട്. പിന്നീടദ്ദേഹം (എം.എൽ.എ) ജില്ലാകലക്ടറെ ഫോൺ ചെയ്തശേഷം പോകുമ്പോൾ 'മര്യാദക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാലു വെട്ടും' എന്ന് ഭീഷണിപ്പെടുത്തി. ഞാൻ പോലീസിനോട്, പോലീസേ എം.എൽ.എ പറഞ്ഞതു കേട്ടല്ലോ എന്നു പറഞ്ഞു... ഇത്രയും കാര്യങ്ങൾ ശ്രീകുമാറിന്റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ. കുഞ്ഞിരാമൻ അത്തരം പ്രകൃതക്കാരനല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ വിഷയം സഭയിലെത്തിച്ച എൻ.എ നെല്ലിക്കുന്നിന്റെ ചോദ്യം ഇതായിരുന്നു- കുഞ്ഞിരാമൻ പ്രിസൈഡിങ് ഓഫീസറുടെ കഴുത്ത് വെട്ടും എന്ന് പറയുന്നതിന് പകരം കാലുവെട്ടും എന്ന് പറഞ്ഞു പോയത് എന്റെ തെറ്റാണോ സർ.. അന്ന് പ്രിസൈഡിങ് ഓഫീസർ വല്ലാതെ പേടിച്ചു പോയതായും കുറിപ്പിൽനിന്ന് മനസിലാകുന്നുണ്ട്. അതിങ്ങനെ- പുറമേ ധൈര്യം കാണിച്ചിരുന്നു എങ്കിലും ഞാൻ പതറിയിരുന്നു.
കാലു വെട്ടാൻ നേതാവ് ആഹ്വാനം ചെയ്താൽ നടപ്പാക്കാൻ ഒരുപാട് അനുയായികൾ ഉണ്ടല്ലോ. ....ഒരു ചെറുപ്പക്കാരൻ എന്നെ ഭീകരമായി ഭീഷണിപ്പെടുത്തി. സി.പി.എം എന്താണെന്നു നിനക്കറിയില്ല നീ ജീവനോടെ പോകില്ല, നിന്നെ ഞങ്ങൾ വെച്ചേക്കില്ല, വലിയ ഡി.ജി.പി ആയിരുന്ന ജേക്കബ് തോമസിന്റെ ഗതി എന്തായി എന്ന് അറിയില്ലേ എന്നൊക്കെ പറഞ്ഞു. എന്റെ സർവ്വനാഡികളും തളർന്നു. അയാളുടെ ഭീഷണി അത്രക്ക് യാഥാർത്ഥ്യമായിരുന്നു. അതോടെ ഞാൻ തിരിച്ചറിയൽ കാർഡ് പരിശോധന ഇടയ്ക്ക് മാത്രം ആക്കി. പുറമേ ഒന്നും നടന്നില്ലെന്ന് ഭാവിച്ചു. എങ്കിലും കേവലം ഒരു പാവ മാത്രമായി ഞാൻ. നീ നട്ടെല്ലില്ലാത്തവൻ ആയിപ്പോയി, കള്ളവോട്ടു തടയാൻ നിനക്കു സാധിച്ചില്ലല്ലോ എന്ന് എന്റെ മനസ്സ് പറഞ്ഞു. ആത്മനിന്ദയും പരാജയബോധവും കൊണ്ട് ഉറക്കം വന്നതേയില്ല. പിറ്റേന്നുതന്നെ സംസ്ഥാന ഇലക്ഷൻ കമ്മീഷനു പരാതി അയച്ചു. ഒരു പാർട്ടിക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ നടക്കുന്ന ഈ തെമ്മാടിത്തം എത്രയോ കാലമായി തുടരുന്നു. ഒരു ഉദ്യോഗസ്ഥനും പ്രതികരിക്കാറില്ല. കാരണം ശിഷ്ടകാലം ഇവിടെ തന്നെ ജീവിക്കേണ്ടത് ആണല്ലോ. കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ജോലി ഒഴിവാക്കാൻ ശ്രമിക്കുന്നത് ഈ അക്രമവും ഭീഷണിയും ഭയന്നാണ് എന്ന സത്യവും ശ്രീകുമാർ കുറിച്ചിട്ടുണ്ട്. പക്ഷേ തെക്കൻ ജില്ലകളിൽ തെരഞ്ഞെടുപ്പ് എത്രയോ സമാധാനപൂർണമാണ് എന്ന് എന്റെ കൃഷിവകുപ്പിലും കാർഷിക സർവ്വകലാശാലയിലും ഉള്ള സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്. വോട്ടറുടെ ഐഡന്റിറ്റി സംബന്ധിച്ച് ചില തർക്കങ്ങൾ ഒഴിച്ചാൽ ബാക്കി എല്ലാം ശാന്തം.
സി.പി.എമ്മുകാരല്ലാത്തവരുടെ ഭാഗത്തുനിന്നുണ്ടായ തെരഞ്ഞെടുപ്പതിക്രമങ്ങൾ ചൂണ്ടിക്കാണിച്ചാണ് നെല്ലിക്കുന്നിന്റെയും പ്രതിപക്ഷത്തിന്റെയും വാദങ്ങളെ മുഖ്യമന്ത്രി നേരിട്ടത്. അവയിൽ ഹോസ്ദുർഗ്ഗ് കല്ലൂരാവി എന്ന സ്ഥലത്ത് ജസീല എന്ന സ്ത്രീയുടെ വീട് ആക്രമിച്ചതിന് ആറു ഐ.യു.എം.എൽ. പ്രവർത്തകർക്കെതിരെ കേസെടുത്തതും ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഔഫ് അബ്ദുൽറഹ്മാനെ ഐ.യു.എം.എൽ പ്രവർത്തകർ കൊലപ്പെടുത്തുന്ന സംഭവം ഉണ്ടായതും ഉൾപ്പെടെയുള്ള കാര്യങ്ങൾ മറന്നുപോകാൻ പാടില്ലെന്ന് കുഞ്ഞിരാമൻ സംഭവം ഉയർത്തിക്കാണിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. പ്രമേയം അവതരിപ്പിക്കുമ്പോൾ ഇതൊന്നും അവർ മറന്നു പോകരുതായിരുന്നു.
തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയിൽ അങ്കലാപ്പ് ഉണ്ടായ ആളുകൾ ഇത്തരം സംഭവങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് അവരുടെ ജാള്യം മറച്ചുപിടിക്കുന്നതായി മാത്രമായാണ് ഇതിനെയൊക്കെ മുഖ്യമന്ത്രിക്ക് കാണാനാകുന്നത്.
വിവാദ സി.എ.ജി റിപ്പോർട്ട് ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത് എല്ലാ കീഴ് വഴക്കങ്ങളുടെയും ലംഘനമായി. റിപ്പോർട്ടിനൊപ്പമുള്ള ധനമന്ത്രിയുടെ വിമർശനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നു കഴിഞ്ഞു. റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വെക്കുന്നതുമായി ബന്ധപ്പെട്ട് വി.ഡി സതീശൻ ക്രമപ്രശ്നം ഉന്നയിച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന വാദം വി.ഡി സതീശൻ ആധികാരികമായി ഉന്നയിച്ചു. എല്ലാം ഗവർണറുടെ അനുമതിയോടുകൂടിയാണെന്നാണ് മന്ത്രി വിശദീകരണം നൽകുന്നതെന്നായിരുന്നു സ്പീക്കർ ശ്രീരാമകൃഷ്ണൻ സഭയെ അറിയിച്ചത്. ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം സഭയെ അറിയിച്ചു.
ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാത്തത് എന്ന തലക്കെട്ടോടുകൂടി റിപ്പോർട്ടിന്റെ 45,46 പേജുകളിലാണ് കിഫ്ബിയെപറ്റി പ്രതിപാദിക്കുന്നത്. സംസ്ഥാനത്തിന്റെ സഞ്ചിത നികുതിയുടെ ഉറപ്പിന് മുകളിൽ സംസ്ഥാന സർക്കാറിന് ഇന്ത്യൻ ഭൂപ്രദേശത്ത് നിന്ന് കടമെടുക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന വാചകത്തിലാണ് റിപ്പോർട്ട് ആരംഭിക്കുന്നത്. കിഫ്ബി മസാലബോണ്ട് പുറത്തിറക്കി വായ്പയെടുത്തത് ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യയിലെ ഏതെങ്കിലുമൊരു സംസ്ഥാനത്തിന് വിദേശ വായ്പ സ്വീകരിക്കാൻ ഭരണഘടന അനുവാദം നൽകുന്നില്ല, മാത്രമല്ല, വായ്പ സ്വീകരിക്കാൻ എൻ.ഒ.സി നൽകിയ റിസർവ് ബാങ്കിന്റെ നടപടിയിലും ഈ റിപ്പോർട്ട് സംശയം പ്രകടിപ്പിക്കുന്നു- കേരളത്തിന്റെ ചരിത്രത്തിലെ അത്യപൂർവ അനുഭവം.