തിരുവനന്തപുരം - കിഫ്ബിക്കെതിരെ ഗുരുതരമായ പരാമർശങ്ങളുന്നയിക്കുന്ന സി ആന്റ് എ ജിയുടെ വിവാദമായ പരിശോധനാ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.
കിഫ്ബി വഴിയുള്ള വായ്പ എടുക്കൽ ഭരണഘടനാവിരുദ്ധവും സർക്കാറിനും വൻ ബാധ്യത ഉണ്ടാക്കുമെന്നും സി.എ.ജി കണ്ടെത്തിയ റിപ്പോർട്ടിന്റെ ഉള്ളടക്കം ധനമന്ത്രി നേരത്തെ പരസ്യമാക്കിയത് വിവാദമായിരുന്നു. കിഫ്ബിയിലെ കടമെടുപ്പ് സംസ്ഥാന സർക്കാറിന് ബാധ്യത ആയി മാറുമെന്ന് പറയുന്ന റിപ്പോർട്ടിൽ ഇത്തരം കടമെടുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തമാക്കുന്നുണ്ട്.
കിഫ്ബിയുടെ പേരിൽ എടുത്ത വായ്പകൾ സംസ്ഥാനത്തിന്റെ പ്രത്യക്ഷ ബാധ്യതകളായി മാറുമെന്നത് ഉൾപ്പെടെയുള്ള രൂക്ഷ വിമർശനങ്ങളാണ് ഇന്നലെ നിയമസഭയുടെ മേശപ്പുറത്ത് വെച്ച കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിലുള്ളത്. 2018-19 സാമ്പത്തിക വർഷത്തിൽ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ബോണ്ടുകൾ മുതലായവ മുഖേന 3106.57 കോടി രൂപയാണ് കിഫ്ബി കടമെടുത്തത്.
കിഫ്ബിക്ക് കൈമാറാനായി സ്വന്തം വരുമാനത്തിൽനിന്ന് സർക്കാർ മാറ്റിവെച്ച പെട്രോളിയം സെസ്, മോട്ടോർ വാഹന നികുതി വിഹിതം എന്നിവയിൽ നിന്നാണ് ഇത് തിരിച്ചടക്കേത്. ഈ കടമെടുപ്പിൽ വിദേശ രാജ്യങ്ങളിൽനിന്ന് മസാല ബോണ്ടുകൾ വഴി ലഭ്യമായ 2150 കോടിയും ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക ബാധ്യതയിൽ വിപണി വായ്പകൾക്ക് പ്രമുഖ പങ്കുണ്ട്. ഇത് 54 ശതമാനമാണ്. 2018-19 കാലയളവിൽ സംസ്ഥാനത്തിന് വികസന കാര്യങ്ങൾക്ക് വേണ്ടി ലഭ്യമായ കടം 3168 കോടി രൂപ മാത്രമാണ്.
പൊതുകടമാകട്ടെ വരവിന്റെ 13 ശതമാനം മാത്രം. കാലാവധി പൂർത്തിയാക്കൽ രൂപരേഖ പ്രകാരം കടത്തിന്റെ ഏകദേശം 51.22 ശതമാനം, അതായത് 81,056.92 കോടി രൂപ 2026 മാർച്ചിനുള്ളിൽ തിരിച്ചടക്കണമെന്നും സി.എ.ജി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കിഫ്ബിക്ക് വരുമാന സ്രോതസ്സുകളൊന്നും ഇല്ലാത്തതിനാൽ സംസ്ഥാന സർക്കാർ ഗ്യാരണ്ടി നൽകിയ കിഫ്ബിയുടെ കടമെടുപ്പുകൾ ആത്യന്തികമായി സംസ്ഥാനത്തിന്റെ പ്രത്യക്ഷ ബാധ്യതകളായി മാറും. ഇത്തരം കടമെടുപ്പുകൾ സർക്കാർ തിരിച്ചടക്കുന്ന പക്ഷം 14-ാം ധനകാര്യകമ്മീഷന്റെയും കേരള സാമ്പത്തിക ഉത്തരവാദിത്ത നിയമത്തിലെയും ധനക്കമ്മിയുടെ മൂന്ന് ശതമാനമെന്ന പിരിധിയും കടം ജി.എസ്.ഡി.പി അനുപാതത്തിന്റെ 30 ശതമാനമെന്ന പരിധിയും മറികടക്കും. നിലവിൽ ധനക്കമ്മി 3.45 ശതമാനമാണ്. കടമാകട്ടെ, ജി.എസ്.ഡി.പി അനുപാതത്തിന്റെ 30.91 ശതമാനവും. ഇത്തരം കടമെടുപ്പുകൾ ഇന്ത്യൻ ഭരണഘടനയുടെ 293(1) വകുപ്പിന് അനുസൃതവുമല്ലെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വെച്ചാൽ വൈകുന്നേരം അക്കൗണ്ടന്റ് ജനറൽ പത്രസമ്മേളനം നടത്തുന്ന പതിവ് ഇത്തവണയുണ്ടായിരുന്നില്ല.