Sorry, you need to enable JavaScript to visit this website.

സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ 20 പദ്ധതികൾ 

റിയാദ്- സ്വകാര്യ മേഖലയിൽ സ്വദേശി യുവതീ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും തൊഴിൽ വിപണി പരിഷ്‌കരിക്കാനും ലക്ഷ്യമിട്ട് ഇരുപതു പദ്ധതികൾ കൂടി നടപ്പാക്കാൻ ഉന്നതാധികൃതർ അനുമതി നൽകി. പ്രാദേശിക, അന്താരാഷ്ട്ര പ്രതിഭകളെ തൊഴിൽ വിപണിയിലേക്ക് ആകർഷിക്കാനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും തൊഴിലില്ലായ്മ നിരക്ക് കുറക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനും തൊഴിൽ വിപണിയുടെ കാര്യക്ഷമത ഉയർത്താനുമാണ് ഇതിലൂടെ ഉന്നമിടുന്നത്. പുതിയ തൊഴിൽ വിപണി തന്ത്രത്തിന്റെ ഭാഗമായി ഈ പദ്ധതികൾ നടപ്പാക്കാൻ 16 സർക്കാർ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് ഉന്നതാധികൃതർ നിർദേശിച്ചു. 


മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, സാമ്പത്തിക, ആസൂത്രണ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ഊർജ മന്ത്രാലയം, നിക്ഷേപ മന്ത്രാലയം, ടൂറിസം മന്ത്രാലയം, കമ്മ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രാലയം, സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷൻ, ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ്, മാനവശേഷി വികസന നിധി, ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി, നാഷണൽ ലേബർ കമ്മിറ്റി, ലോക്കൽ കണ്ടന്റ് ആന്റ് ഗവൺമെന്റ് പ്രോക്യുർമെന്റ് അതോറിറ്റി, എജ്യുക്കേഷൻ ആന്റ് ട്രെയിനിംഗ് ഇവാലുവേഷൻ കമ്മീഷൻ എന്നീ വകുപ്പുകൾ പരസ്പര ഏകോപനത്തോടെയും സഹകരണത്തോടെയും പദ്ധതികൾ നടപ്പാക്കുന്നതിൽ പങ്കാളിത്തം വഹിക്കണമെന്നാണ് നിർദേശം. 


സ്വകാര്യ മേഖലയിലെ ജോലി സമയം, അവധികൾ, പൊതുഅവധികൾ എന്നിവയെ അന്താരാഷ്ട്ര രീതികളുമായി യോജിപ്പിക്കൽ, സ്വകാര്യ മേഖലയുമായി സഹകരിച്ച് തൊഴിൽ നയങ്ങൾ പരിഷ്‌കരിക്കൽ, പാർട്ട്‌ടൈം, ഫഌക്‌സിബിൾ, ഡിസ്റ്റൻസ്, ഫ്രീലാൻസ്, പാരമ്പര്യേതര തൊഴിൽ ശൈലികൾ വ്യവസ്ഥാപിതമാക്കൽ-പ്രോത്സാഹിപ്പിക്കൽ, വിദേശികളുടെ തൊഴിൽ മാറ്റ സ്വാതന്ത്ര്യം മെച്ചപ്പെടുത്തൽ, തൊഴിൽ ആരോഗ്യ, സുരക്ഷ വർധിപ്പിക്കൽ, നിക്ഷേപങ്ങളും സ്ഥാപനങ്ങളുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുന്ന നിലക്ക് ബിസിനസ് സാഹചര്യങ്ങളുമായി ബന്ധപ്പെട്ട നിയമാവലികൾ പരിഷ്‌കരിക്കൽ, നൈപുണ്യങ്ങളും ശേഷികളും ഉയർത്താൻ സഹായിക്കുന്ന നിലക്ക് സാങ്കേതികവിദ്യകൾ അവലംബിക്കുന്നതിന് സ്ഥാപനങ്ങൾക്ക് ധനസഹായം നൽകൽ, സ്വദേശിവൽക്കരണ ധനസഹായ പദ്ധതികൾ പുനരാവിഷ്‌കരിക്കൽ, സ്വകാര്യ മേഖലയിൽ വനിതാ പങ്കാളിത്തത്തിനും വനിതകളെ ജോലിക്കു വെക്കുന്നതിനും പ്രതിബന്ധം സൃഷ്ടിക്കുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കൽ, നിലവിലെയും ഭാവിയിലെയും തൊഴിലുകൾ ആസൂത്രണം ചെയ്യുകയും പ്രൊഫഷനൽ മാനദണ്ഡങ്ങൾ തയാറാക്കുകയും ചെയ്യൽ, വ്യക്തിഗത കഴിവുകൾ വികസിപ്പിക്കുകയും പോസിറ്റീവ് തൊഴിൽ സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യൽ, കുട്ടിക്കാലം മുതൽ സെക്കണ്ടറി മൂന്നാം ക്ലാസ് വരെ വിദ്യാർഥികളുടെ അടിസ്ഥാന കഴിവുകൾ വികസിപ്പിക്കൽ, ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളെയും മുൻഗണനാ തൊഴിലുകളെയും മേഖലകളെയും യോജിപ്പിക്കൽ, പരിശീലന കോഴ്‌സുകളും പ്രോഗ്രാമുകളും പരിഷ്‌കരിക്കൽ, സ്വദേശി, വിദേശി തൊഴിലാളികൾ തമ്മിലെ വിടവ് നികത്തൽ, വിദേശികൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തൽ-വിദേശികളെ സമൂഹത്തിൽ ലയിപ്പിക്കൽ, ഓൺലൈൻ എംപ്ലോയ്‌മെന്റ് പോർട്ടലുകൾ പ്രോത്സാഹിപ്പിക്കൽ, പരമ്പരാഗത എംപ്ലോയ്‌മെന്റ് സെന്റർ ശൃംഖല വിപുലമാക്കൽ-സെന്ററുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തൽ എന്നീ പദ്ധതികൾ നടപ്പാക്കാനാണ് തീരുമാനം. 


തൊഴിലില്ലായ്മ നിരക്ക് കുറക്കൽ ആഗോള മത്സരക്ഷമതാ സൂചികയിലും മാനവമൂലധന സൂചികയിലും സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്തൽ, സൗദി വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കൽ, സ്വകാര്യ മേഖലയുടെ ആകർഷണീയത വർധിപ്പിക്കൽ, ഓൺലൈൻ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുടെ കാര്യക്ഷമത ഉയർത്തൽ, തൊഴിലാളികളുടെ ഉൽപാദനക്ഷമത വർധിപ്പിക്കൽ, വൈഭവം കുറഞ്ഞ തൊഴിലുകളിൽ വിദേശികളെ ആശ്രയിക്കുന്നത് കുറക്കൽ, തൊഴിലുടമകൾക്കും ഉദ്യോഗാർഥികൾക്കും വിവരങ്ങൾ ലഭ്യമാക്കൽ-സുതാര്യത വർധിപ്പിക്കൽ എന്നിവയാണ് പുതിയ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ. 

Latest News