ന്യുദല്‍ഹി- അതിര്‍ത്തി സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ ചൈന നിരവധി വീടുകളുള്ള പുതിയ ഗ്രാം സ്ഥാപിച്ചതായി സാറ്റലൈറ്റ് ചിത്രങ്ങള്‍. 101 വീടുകള്‍ പണിതതായാണ് ലഭ്യമായ ചിത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. 2020 നവംബര്‍ ഒന്നിനെടുത്ത ചിത്രങ്ങളാണിത്. ഇവ നിരവധി വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ചാണ് വീടുള്‍ നിര്‍മിച്ചതായി സ്ഥിരീകരിച്ചത്. ഏകദേശം 4.5 കിലോമീറ്റര്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലാണ് ഈ ഗ്രാമം. അപ്പര്‍ സുബന്‍സിരി ജില്ലയിലെ സാരി ചു നദിയുടെ കരയിലാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഈ പ്രദേശം വര്‍ഷങ്ങളായി തര്‍ക്ക പ്രദേശമാണ്. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അപ്പുറത്ത് ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോഴും ഇവിടെ ഈ ഗ്രാമം പണി നടന്നു വരികയായിരുന്നു എന്ന് കരുതപ്പെടുന്നു. സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ഓണ്‍ലൈനില്‍ ലഭ്യമായി മാപ്പിലും നിര്‍മ്മാണം നടന്ന പ്രദേശം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലാണെന്ന് വ്യക്തമാണ്. പ്ലാനറ്റ് ലാബ്‌സ് പുറത്തു വിട്ട 2019ലേയും 2020ലേയും ചിത്രങ്ങളില്‍ ഇവിടെ വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി വ്യക്തമാകുന്നുണ്ട്. ഇതു സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം ഉണ്ടായില്ല. അതിര്‍ത്തി കടന്നുള്ള ചൈനയുടെ നിര്‍മാണ പ്രവൃത്തികള്‍ ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്നും വര്‍ഷങ്ങളായി ചൈന ഇതു നടത്തിവരുന്നുണ്ടെന്നും വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചു.
പുറത്തുവന്ന സാറ്റലൈറ്റ് ചിത്രമെടുത്ത 2020 നവംബറില്‍ അരുണാചല്‍ പ്രദേശിലെ ബിജെപി എംപി തപിര്‍ ഗാവോ ഈ മേഖലയില്‍ ചൈനീസ് കടന്നു കയറ്റങ്ങളെ കുറിച്ച് ലോക്‌സഭയില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. രണ്ടു വരി പാതയും മേഖലയില്‍ ചൈന നിര്‍മിച്ചതായി അദ്ദേഹം പറയുന്നു. നിര്‍മാണങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും അപ്പര്‍ സുബന്‍സിരി ജില്ലയിലേക്ക് 70 കിലോമീറ്ററോളം ദൂരം ചൈന പ്രവേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.