ഹൈദരാബാദ്- ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുമ്പോള്‍ യു.എ.ഇ പൗരന്റെ വ
ധുവായി ദുബായിലേക്ക് പോയ സ്ത്രീ ഇപ്പോള്‍ അവിടെ വേലക്കാരിയായി ജോലി നോക്കുന്നു. പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ ഇല്ലാത്ത ഇവരെ നാട്ടിലെത്തിക്കുന്നതിന് കുടുംബം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി.
1983 ല്‍ ട്രാവല്‍ ഏജന്റായ മുഹമ്മദ് ഹുസൈനോടൊപ്പം ജോലി ചെയ്യുന്നതിനിടെ മറിയം ബീഗത്തെ ഹൈദരാബാദില്‍ നിന്ന് കാണാതാകുകയായിരുന്നുവെന്ന് മരുമകന്‍ മുഹമ്മദ് കബീര്‍ പറയുന്നു.
തന്റെ മാതാവ് ഷാജഹാന്‍ പലമാര്‍ഗത്തിലും അന്വേഷിച്ചുവെങ്കിലും എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 27 വര്‍ഷമായി മറിയം കുടുംബവുമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ 2010 ല്‍ മറ്റൊരു ബന്ധുവിലൂടെ മറിയത്തിനെ കണ്ടെത്താന്‍ കഴിഞ്ഞു. തുടര്‍ന്നാണ് അവര്‍ വീടുമായി ബന്ധപ്പെട്ടു തുടങ്ങിയത്.
1983 ല്‍ യുഎഇ സ്വദേശിയെ വിവാഹം ചെയ്താണ് നാടുവിട്ടതെന്നും പിന്നീട് വിവാഹ മോചിതയായെന്നും ഇപ്പോള്‍ ഫുജൈറയില്‍ ഒരു വീട്ടില്‍ ജോലി ചെയ്യുകയാണെന്നും കണ്ടെത്തി.
വിവാഹശേഷം യുഎഇയിലെ റാസല്‍ഖൈമയില്‍ താമസിച്ചിരുന്ന അവര്‍ പിന്നീട് ഫുജൈറയിലേക്ക് താമസം മാറ്റുകയായിരുന്നു.
ട്രാവല്‍ ഏജന്റോ ഭര്‍ത്താവോ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും നല്‍കാത്തതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയില്ല. പലതവണ സഹായത്തിനായി ശ്രമിച്ചെങ്കിലും ഇതുവരെ വിജയിച്ചില്ല. ഇപ്പോള്‍ അവരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിരിക്കയാണെന്ന് കബീര്‍ പറഞ്ഞു.