ചണ്ഡിഗഡ്- ഇന്ത്യയിലെ ആദ്യ എയര്‍ ടാക്‌സി സര്‍വീസിന് ഹരിയാനയില്‍ തുടക്കമായി. പഞ്ചാബിലെ ചണ്ഡീഗഢില്‍ നിന്ന് ഹരിയാനയിലെ ഹിസാറിലേക്കാണ് ആദ്യത്തെ എയര്‍ ടാക്‌സി വിമാനം പറന്നത്. എയര്‍ ടാക്‌സി ഏവിയേഷന്‍ കമ്പനിയുടെ പേരിലുള്ളതാണ് ഈ വിമാനങ്ങള്‍. 45 മിനിറ്റാണ് ഹിസാറില്‍ നിന്നും ചണ്ഡീഗഡില്‍ നിന്നുമുളള യാത്രാ സമയം. 1,755 രൂപ മുതലാണ് യാത്രക്കുള്ള ടിക്കറ്റ് നിരക്ക്.
ടിക്കറ്റ് ബുക്കിങ്ങിനായി ഓണ്‍ലൈന്‍ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ഒരാളെങ്കിലും യാത്ര ചെയ്യാനുണ്ടെങ്കില്‍ നിശ്ചിത സമയക്രമം പാലിച്ച് ദിവസവും ഒരു തവണ ഹിസാര്‍-ചണ്ഡീഗഢ് റൂട്ടില്‍ എയര്‍ ടാക്‌സി സര്‍വീസ് നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സ്വകാര്യ ആവശ്യങ്ങള്‍ക്കും ഈ വിമാനം ലഭ്യമാവുമെന്നാണ് എയര്‍ ടാക്‌സിയുടെ വാഗ്ദാനം. ഇരട്ട എന്‍ജിനും നാല് സീറ്റുമുള്ള ടെക്‌നാം പി 2006ടി വിമാനമാണ് എയര്‍ ടാക്‌സി സര്‍വീസിനായി ഉപയോഗിക്കുന്നത്. പൈലറ്റിനു പുറമെ മൂന്ന് പേര്‍ക്കാണ് വിമാനത്തില്‍ യാത്രാസൗകര്യം. ഇത്തരത്തിലുള്ള നാല് വിമാനങ്ങള്‍ എത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
ഹിസാര്‍-ചണ്ഡീഗഢ് സര്‍വീസിന് പിന്നാലെ അടുത്ത ആഴ്ച ഹിസാര്‍-ഡെഹ്‌റാഡൂണ്‍ റൂട്ടിലും എയര്‍ ടാക്‌സി സേവനം ആരംഭിക്കുന്നുണ്ട്. ജനുവരി 23 മുതല്‍ ഹിസാറില്‍ നിന്ന് ധര്‍മശാലയിലേക്കും വിമാന സര്‍വീസ് തുടങ്ങും. ഭാവിയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഷിംലയെയുംകുളുവിനെയും ബന്ധിപ്പിച്ചും ഹരിയാനയിലെ മറ്റു നഗരങ്ങളിലേക്കും സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ടാക്‌സി പ്രഖ്യാപിച്ചിട്ടുണ്ട്.