കാബൂള്‍- അഫ്ഗാന്‍ തലസ്ഥാനത്ത് തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് വനിതാ ജഡ്ജിമാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ കാബൂളില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. കാറിന് നേരെ നടന്ന വെടിവെപ്പില്‍ ഹൈക്കോടതിയിലെ രണ്ട് വനിതാ ജഡ്ജിമാര്‍ കൊല്ലപ്പെടുകയും െ്രെഡവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കോടതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിച്ച ജഡ്ജിമാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
താലിബാനും അഫ്ഗാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള സമാധാന ചര്‍ച്ച ഖത്തറില്‍ തുടരുന്നതിനിടെ അഫ്ഗാന്‍ തലസ്ഥാനത്ത് നടന്ന ഏറ്റവും പുതിയ ആക്രമണമാണിത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തങ്ങള്‍ ഉത്തരവാദികളല്ലെന്ന് താലിബാന്‍ വക്താവ് സാബിഉല്ലാ മുജാഹിദ് പറഞ്ഞു.
കഴിഞ്ഞ മാസങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ക്ക് താലിബാനെ കുറ്റപ്പെടുത്തിയ സര്‍ക്കാര്‍ സമാധാന പ്രക്രിയയെ തകര്‍ക്കുന്നതിനായി കൊലപാതകങ്ങള്‍ നടത്തുകയാണെന്ന് ആരോപിച്ചിരുന്നു.
അടുത്തിടെ തലസ്ഥാനത്ത് നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍ 50 പേര്‍ കൊല്ലപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന ഭീകരാക്രമണവും ഉള്‍പ്പെടുന്നു. അഫ്ഗാനിസ്ഥാനിലെ പ്രധാന യു.എസ് താവളത്തെ ലക്ഷ്യമാക്കി ഡിസംബറില്‍ നടന്ന റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഐ.എസ് ഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല..
ഈ മാസം ആദ്യമാണ് താലിബാനും അഫ്ഗാന്‍ സര്‍ക്കാരും തമ്മില്‍ ഖത്തറില്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. യു.എസ്, നാറ്റോ സൈനികരെ ആക്രമിക്കില്ലെന്ന വാഗ്ദാനം പാലിക്കുന്നുണ്ടെങ്കിലും അഫ്ഗാന്‍ സര്‍ക്കാര്‍ സേനക്കെതിരായ ആക്രമണം തുടരുന്നതാണ് ചര്‍ച്ചകള്‍ മന്ദഗതിയിലാക്കിയിരുന്നത്.