ന്യൂദല്‍ഹി- ഇന്ത്യയില്‍ അനുമതി ലഭിച്ച രണ്ടു കോവിഡ് വാക്‌സിനുകളില്‍ ഒന്നായ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ കുത്തിവെപ്പ് എടുക്കുന്നതിനു മുമ്പ് സമ്മത പത്രം ഒപ്പിടണം. പരീക്ഷണം പൂര്‍ത്തിയാക്കാത്ത ഈ വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത് വലിയ വിവാദമായിരുന്നു. ശനിയാഴ്ചയാണ് ഇന്ത്യയില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച ഓക്‌സ്ഫഡ് വാക്‌സിന്‍ ആണ് മറ്റൊന്ന്. പരീക്ഷണ പൂര്‍ത്തിയാക്കിയ ഈ വാക്‌സിന്‍ സ്വീകരിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ല. എന്നാല്‍ വിവാദമായ കോവാക്‌സിന്‍ 'ക്ലിനിക്കല്‍ ട്രയല്‍' ആയാണ് കുത്തിവെക്കുന്നത്. ഒരു മരുന്നിന് അന്തിമ അനുമതി നല്‍കുന്നതിനു മുമ്പ് മനുഷ്യരില്‍ നേരിട്ട് പ്രയോഗിച്ച് പരീക്ഷിക്കുന്ന മൂന്നാം ഘട്ട പരീക്ഷണമാണ് ക്ലിനിക്കല്‍ ട്രയല്‍. പൊതതാല്‍പര്യം കണക്കിലെടുത്ത് ഉപയോഗ അനുമതി ലഭിച്ച ഈ വാക്‌സിന്‍ നിയന്ത്രിതമായി അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാണ് കുത്തുവെക്കുന്നത് എന്ന് സമ്മത പത്രത്തില്‍ എഴുതിയിട്ടുണ്ട്. ഈ വാക്‌സിന്റെ ഫലപ്രാപ്തിയും ക്ഷമതയും പരീക്ഷിച്ച് ഉറപ്പിക്കാനിരിക്കുന്നതെ ഉള്ളൂവെന്നും മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടന്നു വരികയാണെന്നും സമ്മത പത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളില്‍ നിന്ന് വൈദ്യ സഹായം ലഭ്യമാക്കുമെന്നും ഗുരുതരമായ പ്രത്യാഘാതമുണ്ടായാല്‍ അത് വാക്‌സിന്‍ മൂലമാണെന്ന് തെളിയിക്കപ്പെട്ടാല്‍ ഭാരത് ബയോടെക്ക് നഷ്ടപരിഹാരം നല്‍കുമെന്നും സമ്മത പത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ, നിതി ആയോഗ് അംഗവും വാക്‌സിന്‍ സമിതി അധ്യക്ഷനുമായ ഡോ. വി. കെ പോള്‍, അദ്ദേഹത്തിന്റെ ഭാര്യയും ശാസ്ത്രജ്ഞയുമായ ഡോ. ശശി പോള്‍ എന്നിവര്‍ ഈ സമ്മത പത്രം ഒപ്പിട്ട് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തു.
കുത്തിവയ്പ്പ് സ്വീകരിക്കുന്നവര്‍ക്ക് ഏതു വാക്‌സിന്‍ വേണെന്ന് തീരുമാനിക്കാനുള്ള സൗകര്യമില്ല. ദല്‍ഹിയില്‍ എയിംസ്്, റാം മനോഹര്‍ ലോഹ്യ ആശുപത്രി, കലാവതി ശരണ്‍ ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍, ഇഎസ്‌ഐ ആശുപത്രി ബസയ്ദാര്‍പൂര്‍, ഇഎസ്‌ഐ ആശുപത്രി രോഹിണി എന്നീ ആറു കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളില്‍ കോവാക്‌സിന്‍ മാത്രമെ നല്‍കുന്നുള്ളൂ. ബാക്കിയുള്ള 75 കേന്ദ്രങ്ങളിലും ഓക്‌സ്ഫഡ് വാക്‌സിന്‍ എന്നുവിളിക്കപ്പെടുന്ന കോവിഷീല്‍ഡാണ് കുത്തിവയ്ക്കുന്നത്.
അതിനിടെ തങ്ങള്‍ക്ക് പരീക്ഷണം പൂര്‍ത്തിയാക്കിയ കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവച്ചാല്‍ മതിയെന്നും കോവാക്‌സിന്‍ വേണ്ടെന്നും ആവശ്യപ്പെട്ട് റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ റസിഡന്റ് ഡോക്ടര്‍മാര്‍ രംഗത്തു വന്നിരുന്നു. അതേസമയം രണ്ടു വാക്‌സിനുകളും സുരക്ഷിതമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസ്താവിക്കുന്നു.