വാഷിങ്ടന്‍- യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന് ട്വിറ്ററും മറ്റു സമൂഹ മാധ്യമങ്ങളും വിലക്കേര്‍പ്പെടുത്തിയതോടെ വ്യാജ വാര്‍ത്തകളുടെ പ്രളയം അവസാനിച്ചെന്ന് റിപോര്‍ട്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പു സംബന്ധിച്ച് വ്യാജ വാര്‍ത്തകളിലും പ്രചരണങ്ങളിലും 73 ശതമാനം ഇടിവാണ് ഉണ്ടായതെന്ന് ഗവേഷണ സ്ഥാപനമായ സിഗ്‌നല്‍ ലാബ്‌സ് നടത്തിയ പഠനം പറയുന്നു. കര്‍ശനമായ നടപടികള്‍ സ്വീകരിച്ചാല്‍ പൊതുചര്‍ച്ചയാകുന്ന വ്യാജ പ്രചരണങ്ങളെ ടെക്ക് കമ്പനികള്‍ക്ക് തടയിടാനാകുമെന്നതിന്റെ തെളിവായും ഇതിനെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ട്രംപിന്റെ വാദം സംബന്ധിച്ച വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വന്ന മെന്‍ഷനുകള്‍ 25 ലക്ഷത്തില്‍ നിന്ന് 6.8 ലക്ഷമായി കുറഞ്ഞു. ട്രംപിനെ ട്വിറ്ററില്‍ പൂര്‍ണ വിലക്കേര്‍പ്പെടുത്തിയതിനു ശേഷമുള്ള ആഴ്ചയിലേതാണ് ഈ കണക്ക്.
മാസങ്ങളായി യുഎസില്‍ നിറഞ്ഞു നിന്ന വ്യാജവാര്‍ത്തകളില്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് ആയിരുന്നു മുന്നിലുണ്ടായിരുന്നത്. ട്രംപും അദ്ദേഹത്തിന്റെ അണികളുമായിരുന്നു ഇതിനു പിന്നില്‍. ജനുവരി എട്ടിന് ട്വിറ്ററും മറ്റു സമൂഹ മാധ്യമങ്ങളും ട്രംപിനെ വിലക്കിയതോടെ ഇതിന് ഏതാണ്ട് അറുതിയായി. പ്രസിഡന്റ് ട്രംപിനു പുറമെ അദ്ദേഹത്തിന്റെ നിരവധി അണികള്‍ക്കും അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നഷ്ടമായിരുന്നു. ട്രംപ് പടച്ചുവിടുന്ന വ്യാജങ്ങള്‍ ക്ഷിപ്രവേഗത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ പ്രചരിപ്പിച്ചിരുന്നത്.
ട്രംപിനു പുറമെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വംശീയ വാദികളുടെ 70,000 അക്കൗണ്ടുകളാണ് ട്വിറ്റര്‍ പൂട്ടിയത്. ജനുവരി ആറിന് കാപിറ്റോള്‍ മന്ദിരത്തില്‍ കലാപമുണ്ടാക്കാന്‍ ആളുകളെ ഇളക്കി വിടുന്നതില്‍ പങ്കുവഹിച്ച അക്കൗണ്ടുകളാണിവ. ട്രംപിനു വേണ്ടി പ്രചരിച്ച ഹാഷ്ടാഗുകളിലും ഗണ്യമായ കുറവുണ്ടായതായി സിഗ്നല്‍ ലാബ്‌സ് റിപോര്‍ട്ട് പറയുന്നു.