ആചെബിസാർ, ഇന്തോനേഷ്യ- തീരത്തടിഞ്ഞ തിമിംഗലങ്ങളെ കടലിലേക്ക് തിരിച്ചുവിടാനുള്ള പരിസ്ഥിതി പ്രവർത്തകരുടെ ശ്രമങ്ങൾക്ക് തിരിച്ചടി. ഇന്തോനേഷ്യയിലെ ഉജോങ് ക്രുയെങ് ബീച്ചിൽ കരഭാഗത്തേക്ക് എത്തിയ ഒമ്പത് തിമിംഗലങ്ങളിൽ നാലെണ്ണം ചത്തു. തിങ്കളാഴ്ചയാണ് ഇവരെ തീരത്തെത്തിയ നിലയിൽ കണ്ടത്.
രക്ഷാദൗത്യമേറ്റെടുത്ത പരിസ്ഥിതി പ്രവർത്തകരും ജന്തു സ്‌നേഹികളും നാട്ടുകാരുടെ സഹായത്തോടെ തിമിംഗലങ്ങളെ തിരിച്ചയക്കാൻ അശ്രാന്ത പരിശ്രമം നടത്തിവരികയായിരുന്നു. കരയിൽനിന്ന് ഇവയെ കടലിലേക്ക് തള്ളിയിറക്കാൻ കഴിഞ്ഞെങ്കിലും ഉൾക്കടലിലേക്ക് നീക്കാൻ സാധിച്ചില്ല. നീണ്ട പ്രയത്‌നത്തിനൊടുവിൽ അഞ്ചെണ്ണത്തിനെ കടലിലേക്ക് തള്ളിവിട്ടു. എന്നാൽ ഇതിനിടെ നാലെണ്ണം ജീവൻ വെടിഞ്ഞു. വേണ്ടത്ര ഉപകരണങ്ങളോ പരിചയമോ ഇല്ലാതിരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായതായി നാട്ടുകാർ പറഞ്ഞു. വാലിൽ കയർ കെട്ടി വലിച്ചാണ് തിമിംഗലങ്ങളെ കടലിലേക്ക് തള്ളിനീക്കിയത്.