ന്യൂദല്‍ഹി- കായംകുളം കൊച്ചുണ്ണിക്ക്് ദല്‍ഹിയില്‍ അവതാരങ്ങള്‍. മോഷണ മുതല്‍ ഉപയോഗിച്ച് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയ മൂന്നു പേരെ പോലീസ് പൊക്കി. പഞ്ചാബ് പോലീസാണ് ഒരു പെണ്‍കുട്ടിയടക്കം മൂന്നു പേരെ പിടികൂടിയത്.
ഉള്ളവന്റെ കയ്യില്‍നിന്നു കട്ട് ഇല്ലാത്തവന് കൊടുക്കുന്ന കൊച്ചുണ്ണിമാര്‍ ഏഴാം തീയതിയാണ് പിടിയിലായത്. ദല്‍ഹിക്ക് പുറമേ പഞ്ചാബ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും നിരവധി മോഷണങ്ങളാണ് ഇവര്‍ നടത്തിയത്.
പാവങ്ങളെ സഹായിക്കണം, ബാക്കിയുള്ള പണം കൊണ്ട് ആഡംബരക്കാറുകള്‍ വാങ്ങണം പിന്നെ അടിച്ച് പൊളിച്ച് ജീവിയ്ക്കണം, ഇതായിരുന്നു മുഹമ്മദ് ഇര്‍ഫാന്റെയും കൂട്ടരുടേയും ലക്ഷ്യം. മോഷണമടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കൂടുതല്‍ പേരുടെ സഹായം ഇയാള്‍ക്ക് ലഭിച്ചതായി സൂചനയുണ്ട്.
സമ്പന്നര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ പൂട്ടിയിട്ട വീടുകളിലാണ് കൂടുതലും മോഷണം നടത്തിയത്. ദല്‍ഹിയില്‍ ഇവര്‍ എത്തിയതും മോഷണത്തിനായിരുന്നു. എന്നാല്‍ കോവിഡ് കാരണം ആളുകള്‍ വീടുകളില്‍നിന്നു പുറത്തേക്ക് പോകാത്തത് മൂലം കാര്യം നടന്നില്ല.
പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ മോഷണത്തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചെന്ന് വെളിപ്പെടുത്തിയത്.