ന്യൂയോര്‍ക്ക്- സ്ത്രീകളുടെ സൗകര്യാര്‍ത്ഥം ആര്‍ത്തവം, ഗര്‍ഭധാരണം, ലൈംഗിക ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച സ്വകാര്യ വിവരങ്ങള്‍ രേഖപ്പെടുത്തി ഇവ ട്രാക്ക് ചെയ്യാവുന്ന ഫ്‌ളോ ആപ്പ് വലിയൊരു ആപ്പിലായിരിക്കുകയാണ്. പലരാജ്യങ്ങളിലായി 10 കോടി സ്ത്രീകള്‍ തങ്ങളുടെ ആര്‍ത്തവ, ഗര്‍ഭകാല ആരോഗ്യ പരിപാലത്തിന് വേണ്ടി ഉപയോഗിക്കുന്ന ആപ്പാണ് ഫ്‌ളോ. യൂസര്‍മാരായ സ്ത്രീകള്‍ നല്‍കുന്ന എല്ലാ വിവരങ്ങളും രസഹ്യമായി തന്നെ സൂക്ഷിക്കുമെന്ന് ഉറപ്പു നല്‍കുന്ന ഈ ആപ്പ് വലിയ സ്വകാര്യതാ ലംഘനം നടത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്ത്രീകളുടെ രഹസ്യ വിവരങ്ങളെല്ലാം യൂസര്‍മാരുടെ അനുവാദമില്ലാതെ ഗൂഗ്‌ളും ഫെയ്‌സ്ബുക്കും ഉള്‍പ്പെടെയുള്ള മറ്റു കമ്പനികളുടെ മാര്‍ക്കറ്റിങ്, അനലിറ്റിക്‌സ് സംഘങ്ങളുമായി ഫ്‌ളോ പങ്കുവച്ചുവെന്നാണ് ആരോപണം.
ഫ്‌ളോ ആപ്പിനെതിരെ പരാതി ഫയല്‍ ചെയ്തിട്ടുണ്ടെന്ന് യുഎസിലെ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ബുധനാഴ്ച അറിയിച്ചതോയൊണ് ഇതുപയോഗിക്കുന്ന കോടിക്കണക്കിന് സ്ത്രീകള്‍ ഞെട്ടിയത്. ആപ്പ് നല്‍കിയ ഉറപ്പിന്റെ ബലത്തില്‍ നല്‍കിയ ആര്‍ത്തവ രഹസ്യങ്ങളും ലൈംഗികതയടക്കമുള്ള വിവരങ്ങളും പരസ്യമായതോടെ ലക്ഷണക്കിന് സ്ത്രീകള്‍ ഈ ആപ്പ് തങ്ങളുടെ സ്മാര്‍ട്‌ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്തു വരികയാണ്. ഈ കാമ്പയിന്‍ ശക്തി പ്രാപിച്ചു വരുന്നു. അതിനിടെ ഫ്‌ളോ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച പരാതി ഫെഡറല്‍ ട്രേഡ് കമ്മീഷനില്‍ ഒത്തുതീര്‍പ്പാക്കി. സ്വകാര്യതാ നയം സ്വതന്ത്രമായി പുനപ്പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും യുസര്‍മാരുടെ വിവരങ്ങള്‍ മറ്റു കക്ഷികള്‍ക്ക് കൈമാറുമ്പോള്‍ യൂസര്‍മാരുടെ അനുമതി തേടണമെന്നുമാണ് കമ്മീഷന്‍ വ്യവസ്ഥ വച്ചത്. ഫ്‌ളോ ഇത് അംഗീകരിക്കുകയും ചെയ്തു.
ബെലാറസുകാരായ ദിമിത്രി, യുറി ഗുര്‍സ്‌കി എന്നിവര്‍ ചേര്‍ന്ന് 2015ലാണ് ഈ ആപ്പ് അവതരിപ്പിച്ചത്. 15 കോടി യൂസര്‍മാരുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. സൗജന്യമായും പണം നല്‍കിയും ഈ ആപ്പ് ഇഷ്ടാനുസരണം ഉപയോഗിക്കാം. ആര്‍ത്തവം, ഗര്‍ഭധാരണം, വന്ധ്യത എന്നിവ ട്രാക്ക് ചെയ്യണോ എന്ന് ആദ്യമായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആപ്പ് ചോദിക്കും. പിന്നീട് വയസ്സും മൂഡും ലക്ഷണങ്ങളുമെല്ലാം ആപ്പിനെ അറിയിക്കണം. മാനസിക ആരോഗ്യവും ലൈംഗിക ജീവിതവും മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഫ്‌ളോയുടെ വാഗ്ദാനം.