ന്യൂദല്‍ഹി- പതിമൂന്ന് വയസ്സുള്ള ബാലനെ കുടുംബത്തില്‍ നിന്നും അകറ്റി കൂടെ താമസിപ്പിക്കുകയും നിര്‍ബന്ധപൂര്‍വം ലിംഗമാറ്റ ശസ്ത്രക്രി നടത്തി പെണ്‍കുട്ടിയാക്കുകയും ചെയ്ത ശേഷം നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ഞെട്ടിപ്പിക്കുന്ന സംഭവം ദല്‍ഹി വനിതാ കമ്മീഷന്‍ പുറത്തു കൊണ്ടു വന്നു. വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ നാലു പേരടങ്ങുന്ന സംഘമാണ് ബാലനെ പീഡിപ്പിച്ചു വന്നത്. പ്രതികളും പെണ്‍വേഷം കെട്ടിയാണ് ജീവിക്കുന്നത്. ഒരു ഡാന്‍സ് പരിപാടിക്കിടെയാണ് ബാലന്‍ പ്രതികളെ ആദ്യമായി കാണുന്നത്. ഡാന്‍സ് പടിപ്പിക്കാമെന്ന വാഗ്ദാനം നല്‍കി ബാലനെ ഇവര്‍ കൂടെ കൂട്ടുകയായിരുന്നുവെന്ന് കമ്മീഷന്‍ പറയുന്നു. ഡാന്‍സ് പഠിപ്പിച്ച് ചില പരിപാടികളില്‍ പങ്കെടുപ്പിക്കുകയും പ്രതിഫലമായി പണം നല്‍കുകയും ചെയ്തു. പിന്നീട് തങ്ങള്‍ക്കൊപ്പം ജീവിക്കാനും ജോലി ചെയ്യാനും പ്രതികള്‍ ബാലനോട് ആവശ്യപ്പെടുകയായിരുന്നു. ഇതു കേട്ട ഇവരുടെ കൂടെ കൂടിയതോടെ ഏതാനും ദിവസങ്ങള്‍ മയക്കുമരുന്ന് നല്‍കി മയക്കുകയും നിര്‍ബന്ധിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. അപ്പോള്‍ ബാലന്റെ പ്രായം 13 വയസ്സ് മാത്രമായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ഹോര്‍മോണുകള്‍ കൂടി നല്‍കിയതോടെ ശാരീരികമായി വേഗത്തില്‍ മാറ്റം സംഭവിച്ചു.
പിന്നീട് പ്രതികള്‍ നിരന്തരമായി ബലാത്സംഗം ചെയ്തു വരികയായിരുന്നുവെന്ന് ബാലന്‍ വെളിപ്പെടുത്തി. ഇടപാടുകാരായി എത്തിയ മറ്റു ചിലരും ബലാത്സംഗം ചെയ്തതായി ബാലന്‍ പറയുന്നു. പെണ്‍വേഷത്തില്‍ നടക്കുന്ന പ്രതികള്‍ ആളുകളെ ആക്രമിച്ചും അവരുടെ പണം തട്ടിപ്പറിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. അങ്ങാടിയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞുവിടുമ്പോള്‍ ബാലന്‍ രഹസ്യമായി അമ്മയെ കാണാന്‍ പോകും. ഭയം മൂലം പോലീസിനെ അറിയിച്ചിരുന്നില്ല. മാസങ്ങള്‍ക്കു ശേഷം ഈ ബാലന് അറിയുന്ന മറ്റൊരു കുട്ടിയെ കൂടി ഇവര്‍ ഇവിടെ എത്തിച്ചു പീഡിപ്പിച്ചു വരികയായിരുന്നു. കോവിഡ് ലോക്ക്ഡൗണിനു ശേഷം രണ്ടു കുട്ടികളും പ്രതികളുടെ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് ഒരു കുട്ടിയുടെ അമ്മയുടെ അരികിലെത്തി. കുടുംബം വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. രണ്ടു കുട്ടികളേയും അമ്മ ഇവിടെ സംരക്ഷിച്ചു. ഇതിനിടെ ഡിസംബറില്‍ പ്രതികള്‍ വീട് കണ്ടെത്തുകയും പിടികൂടി വീണ്ടും കൊണ്ടു പോകുകയും ചെയ്തു. തോക്കു ചൂണ്ടി പ്രതികള്‍ കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി വനിതാ കമ്മീഷന്‍ പറയുന്നു.
തിരിച്ച് പ്രതികളുടെ കേന്ദ്രത്തിലെത്തിയ കുട്ടികള്‍ രണ്ടു ദിവസത്തിനു ശേഷം വീണ്ടും രക്ഷപ്പെട്ടു ന്യൂദല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ ഒളിച്ചിരുന്നു. തൊട്ടടുത്ത ദിവസം ഒരു അഭിഭാഷകനാണ് ഇവരെ കണ്ടെത്തുകയും വനിതാ കമ്മീഷനെ അറിയിക്കുകയും ചെയ്തത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസ് നല്‍കരുതെന്നും ജയിലില്‍ പോകേണ്ടി വരുമെന്നും പറഞ്ഞത് ഏതാനും പോലീസുകാര്‍ സമീപിച്ചതായും ബാലന്‍ വെളിപ്പെടുത്തി. വനിതാ കമ്മീഷന്‍ ഇടപെട്ടതോടെ ബാല പീഡനം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചയ്തു. രണ്ടു പേര്‍ ഒളിവിലാണ്. കുട്ടികള്‍ക്കു വേണ്ടി നിയമ സഹായം നല്‍കുന്നത് വനിതാ കമ്മീഷനാണ്. ഇവരുടെ സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും കമ്മീഷന്‍ അറിയിച്ചു.