Sorry, you need to enable JavaScript to visit this website.

വാട്‌സാപ്പ് മുട്ടുമടക്കി; ഡേറ്റ പങ്കിടല്‍ പോളിസി മാറ്റം ഇപ്പോഴില്ല, ഫെബ്രുവരി എട്ടിന് അക്കൗണ്ട് പൂട്ടുകയുമില്ല

സാന്‍ ഫ്രാന്‍സിസ്‌കോ- മാതൃകമ്പനിയായ ഫെയ്‌സ്ബുക്കിനു യൂസര്‍മാരുടെ വിവരങ്ങള്‍ കൈമാറാന്‍ അനുവദിക്കുന്ന പുതിയ പ്രൈവസി പോളിസി നടപ്പിലാക്കുന്നത് വാട്‌സാപ്പ് മാറ്റിവച്ചു. പുതിയ മാറ്റങ്ങളെ കുറിച്ച് യൂസര്‍മാര്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി പറയുന്നു. സ്വകാര്യതാ ലംഘനം ആരോപിച്ച് പലരാജ്യങ്ങളിലും യൂസര്‍മാരും ഐടി വിദഗ്ധരും ആശങ്കകള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് പുതിയ നയം നടപ്പിലാക്കുന്നത് തല്‍ക്കാലത്തേക്ക് മാറ്റിവച്ചിരിക്കുന്നത്. വാട്‌സാപ്പിന്റെ കുത്തക നീക്കത്തില്‍ പ്രതിഷേധിച്ച് ലക്ഷക്കണക്കിന് യൂസര്‍മാര്‍ സമാന മെസേജിങ് ആപ്പുകളായ ടെലഗ്രാമിലേക്കും സിഗ്‌നലിലേക്കും ചുവടുമാറിയതും വാട്‌സാപ്പിനെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചു. 

പുതിയ പ്രൈവസി പോളിസി അംഗീകരിക്കൂ, ഇല്ലെങ്കില്‍ ഫെബ്രുവരി എട്ടിനു ശേഷം അക്കൗണ്ട് നീക്കം ചെയ്യപ്പെടുമെന്ന ഭീഷണി സ്വരത്തിലുള്ള മുന്നറിയിപ്പും വാട്‌സാപ്പ് പിന്‍വലിച്ചിട്ടുണ്ട്. ഫെബ്രുവരി എട്ടിന് ആരുടേയും അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യില്ലെന്ന് വാട്‌സാപ്പ് വ്യക്തമാക്കി. പകരം കൂടുതല്‍ വ്യക്തത വരുന്നതിനു വേണ്ടി യൂസര്‍മാര്‍ക്ക് പോളിസി പരിശോധിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുമെന്നും മേയ് 15 വരെ മറ്റു നടപടികളൊന്നും ഉണ്ടാകില്ലെന്നും വാട്‌സാപ്പ് അറിയിച്ചു. 

പുതിയ അപ്‌ഡേറ്റ് എല്ലാ വിവരവും ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കാന്‍ അനുവദിക്കുന്നതല്ലെന്ന് വാട്‌സാപ്പ് വീണ്ടും ആവര്‍ത്തിച്ചു. ബിസിനസ് സ്ഥാപനങ്ങള്‍ ഉപഭോക്താക്കളുമായി വാട്‌സാപ്പിലൂടെ പങ്കുവയ്ക്കുന്ന വിവരങ്ങളാണ് ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കുക. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ പരസ്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടി ഉപയോഗിക്കുമെന്നും വാട്‌സാപ്പ് പറയുന്നു.

Latest News