മലപ്പുറം - കാരുണ്യത്തിന്റെ മുഖമായ കെ.എം.സി.സിയുടെ ആശ്വാസകരമായ ഇടപെടലുകൾ ലോകം മാതൃകയാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. ജിദ്ദ കെ.എം.സി.സിയുടെ സാന്ത്വനവർഷം പരിപാടി മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കോടിയോളം രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്.
നിലാരംബരായ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കെ.എം.സി.സി താങ്ങും തണലുമാണെന്ന് ഹൈദരലി തങ്ങൾ പറഞ്ഞു. പ്രതിസന്ധികളുടെ കാലത്ത് ഒരു സംഘടന എങ്ങനെ പ്രവർത്തിക്കണമെന്ന് കാണിച്ചു നൽകിയത് കെ.എം.സി.സിയാണ്. കാരുണ്യപ്രവർത്തനങ്ങൾ കൂടുതൽ ഉയരങ്ങൾ താണ്ടാൻ സംഘടനക്ക് സാധ്യമാവട്ടെയെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സി.എച്ച് സെന്ററുകൾക്കുള്ള 36 ലക്ഷത്തിന്റെ സഹായവും ചടങ്ങിൽ തങ്ങൾ വിതരണം ചെയ്തു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കാരുണ്യ ഹസ്തം കുടുംബ സുരക്ഷാ പദ്ധതി അംഗമായിരിക്കെ മരിച്ചവരുടെ കുടുംബത്തിനുള്ള സഹായവും കൈമാറി. ജിദ്ദയിൽ ജോലി സ്ഥലത്ത് വാട്ടർ ടാങ്കിൽ വീണ് മരിച്ചയാളുടെ കുടുംബത്തിന് വേണ്ടി ജിദ്ദ കെ.എം.സി.സി വാങ്ങിയ 13 സെന്റ് ഭൂമിയുടെ രേഖയും ചടങ്ങിൽ തങ്ങൾ കൈമാറി. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച സൗദി കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, ജിദ്ദ കെ.എം. സി.സി വെൽഫെയർ വിങ് ചെയർമാൻ ജലീൽ ഒഴുകൂർ എന്നിവർക്കുള്ള ഉപഹാരവും നൽകി.ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയായി. കെ.എം.സി.സി മുന്നോട്ടുവെക്കുന്ന നന്മയുടെ ആശയങ്ങൾ ലോകം ആകാംക്ഷയോടെയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വലിയ ജനകീയ അംഗീകാരമാണ് കെ.എം.സി.സിക്ക് സമൂഹത്തിനിടയിലുള്ളത്. അത് സംഘടനയുടെ കെട്ടുറപ്പും ഭദ്രതയുമാണ് ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളെ സംബന്ധിച്ച് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്താനുള്ള നിർദേശങ്ങൾ കെ.എം.സി.സി ഭാരവാഹികൾ കുഞ്ഞാലിക്കുട്ടിക്ക് കൈമാറി. ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, സെക്രട്ടറി പി.എം.എ സലാം, അഡ്വ. യു.എ ലത്തീഫ്, ഉമർ പാണ്ടികശാല, റസാഖ് മാസ്റ്റർ, കുട്ടി മൗലവി, പി കെ അലി അക്ബർ, ഇബ്രാഹിം മുഹമ്മദ്, കാദർ ചെങ്കള, കുഞ്ഞിമോൻ കാക്കിയ, അൻവർ ചേരങ്കൈ, സി.കെ. റസാഖ് മാസ്റ്റർ, പി.എം.എ ജലീൽ, അബ്ദുല്ല പാലേരി, ടി.എച്ച്. കുഞ്ഞാലി, പഴേരി കുഞ്ഞിമുഹമ്മദ്, ഗഫൂർ പട്ടിക്കാട്, സഹൽ തങ്ങൾ, ഇ.പി ഉബൈദുല്ല, മജീദ് അരിമ്പ്ര, സി.കെ. ഷാക്കിർ, സീതി കൊളക്കാടൻ എന്നിവർ പങ്കെടുത്തു.ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ഇസ്മായിൽ മുണ്ടക്കുളം നന്ദിയും പറഞ്ഞു.