ന്യൂദല്‍ഹി-ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ഇരുപത് മാസം മാത്രം പ്രായമുള്ള ധനിഷ്ത എന്ന പെണ്‍കുഞ്ഞ്. അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് ധനിഷ്ത ഈ ലോകത്തോട് വിട പറഞ്ഞത്. ദല്‍ഹി രോഹിണി സ്വദേശികളായ അനീഷ് കുമാര്‍ബബിത ദമ്പതികളുടെ മകളാണ് ധനിഷ്ത. വീടിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് കളിച്ചു കൊണ്ടിരിയ്‌ക്കെ താഴേക്ക് വീണ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാന്‍ സാധിച്ചില്ല. ജനുവരി എട്ടിന് ആശുപത്രിയില്‍ പ്രവേശിച്ച കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി പതിനൊന്നാം തീയതി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ മറ്റ് അവയവങ്ങള്‍ക്കൊന്നും യാതൊരു പ്രശ്‌നവും ഇല്ലെന്ന് കണ്ടതോടെ ദല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവയവദാനത്തിലുള്ള സാധ്യത തേടുകയായിരുന്നു. ധനിഷ്തയുടെ മാതാപിതാക്കളുടെ സമ്മതമായിരുന്നു വേണ്ടിയിരുന്നത്. മകളെ നഷ്ടപ്പെട്ട വിഷമത്തിനിടയിലും മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ധനിഷ്തയുടെ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. 'ആശുപത്രിയില്‍ കഴിയുന്നതിനിടെ, അവയവങ്ങള്‍ ആവശ്യമുള്ള നിരവധി രോഗികളെ ഞങ്ങള്‍ കണ്ടുമുട്ടി. ഞങ്ങള്‍ക്ക് മകളെ നഷ്ടപ്പെട്ടുവെങ്കിലും അവള്‍ ജീവിക്കുന്നത് തുടരുകയാണ്, ജീവന്‍ നല്‍കുകയോ അല്ലെങ്കില്‍ ആവശ്യമുള്ള രോഗികളുടെ ജീവിത നിലവാരം ഉയര്‍ത്തുകയോ ചെയ്യുന്നു.' പിതാവ് ആശിഷ് കുമാര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് മകളെ നഷ്ടമായി. ആ വിധി മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്ന് ആഗ്രഹിച്ചു. അതുകൊണ്ടാണ് ആവശ്യമുള്ളവര്‍ക്ക് മകളുടെ അവയവം ദാനം ചെയ്യാന്‍ ഞങ്ങള്‍ തന്നെ സന്നദ്ധത അറിയിച്ചത്. അവള്‍ ഞങ്ങള്‍ക്കൊപ്പമില്ല എങ്കിലും അവളുടെ അവയവങ്ങള്‍ വഹിക്കുന്നവരിലൂടെ അവള്‍ ജീവിക്കുന്നത് കാണാന്‍ കഴിയും. സന്തോഷവാനാണെന്ന് പറയില്ല പക്ഷെ നിരവധി രോഗികളുടെ ജീവന്‍ രക്ഷപ്പെടാന്‍ കാരണമായ മകളെയോര്‍ക്കുമ്പോള്‍ അഭിമാനമുണ്ട്.. വേദനനിറഞ്ഞ ഓര്‍മ്മകള്‍ ഈ അഭിമാന മുഹൂര്‍ത്തം കൊണ്ട് തരണം ചെയ്യും' ആശിഷ് കുമാര്‍ പറഞ്ഞു. ധനിഷ്തയുടെ ഹൃദയം, വൃക്കകള്‍, കരള്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്. കോര്‍ണിയ ഒഴികെയുള്ള അവയവങ്ങളെല്ലാം ഇതിനോടകം തന്നെ സ്വീകര്‍ത്താക്കളില്‍ എത്തിക്കഴിഞ്ഞു.