Sorry, you need to enable JavaScript to visit this website.

സി.ഡി കാട്ടി ഭീഷണിപ്പെടുത്തിയവര്‍ക്ക് മന്ത്രി പദവി; മുഖ്യമന്ത്രി യെഡിയൂരപ്പയ്‌ക്കെതിരെ ബിജെപി നേതാക്കള്‍

ബെംഗളൂരു- കര്‍ണാടക ബിജെപി മന്ത്രിസഭയില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിച്ച മുഖ്യമന്ത്രി യെഡിയൂരപ്പയുടെ നീക്കത്തിനെതിരെ ബിജെപി നേതാക്കള്‍ രംഗത്ത്. സിഡി കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തവര്‍ക്കും വന്‍തുക നല്‍കിയവരേയും തന്റെ അടുപ്പക്കാരേയുമാണ് യെഡിയൂരപ്പ പുതിയ മന്ത്രിമാരാക്കിയതെന്ന് ചില മുതിര്‍ന്ന ബിജെപി നേതാക്കള്‍ തന്നെ ആരോപണം ഉന്നയിച്ചു. ബ്ലാക്ക്‌മെയില്‍ ചെയ്തവരേയും വന്‍ തുക നല്‍കിയവരേയും മാത്രമാണ് യെഡിയൂരപ്പ പരിഗണിച്ചത്. ഇങ്ങനെ ചെയത് രണ്ടു പേരെ മന്ത്രിമാരാക്കി. ഒരാളെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമാക്കിയെന്ന് മുതിര്‍ന്ന ബിജെപി നേതാവായ ബസനഗൗഡ ആര്‍ പാട്ടീല്‍ ആരോപിച്ചു. വിശ്വാസ്യത, ജാതി, സീനിയോരിറ്റി, പ്രദേശം എന്നിവയൊന്നും പരിഗണിച്ചില്ലെന്നും സിഡിയും ബ്ലാക്ക്‌മെയിലും മാത്രമാണ് കണക്കിലെടുത്തത്. വിശ്വസ്തരായ പാര്‍ട്ടി പ്രവര്‍ത്തകരെ പൂര്‍ണമായും തഴഞ്ഞു. സര്‍ക്കാരിനെ താഴെയിറക്കാന്‍ പദ്ധതിയിട്ട് തയാറാക്കിയ സിഡി കാണിച്ച് ഭീഷണിപ്പെടുത്തിയവരെ മന്ത്രിമാരുമാക്കി- അദ്ദേഹം പറഞ്ഞു. 

മന്ത്രിസഭാ പുനസ്സംഘടനയില്‍ നിരവധി ബിജെപി നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. പദവി പ്രതീക്ഷിച്ച പലര്‍ക്കും ലഭിച്ചതുമില്ല. എച് വിശ്വനാഥ, എംപി കുമാരസ്വാമി, സതീഷ് റെഡ്ഡി, ശിവനഗൗഡ നായക്, തിപ്പറെഡ്ഡി, യെഡിയൂരപ്പയുടെ അടുപ്പക്കാരന്‍ എംപി രേണുകാചാര്യ എന്നിവരും ഇതിനെതിരെ പ്രതികരിച്ചു.

മന്ത്രിസഭാ വിപുലീകരണത്തില്‍ പരാതിയുള്ളവര്‍ പാര്‍ടി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കണമെന്നും പരസ്യപ്രസ്താവനകള്‍ നടത്തി പാര്‍ട്ടിയെ നാണംകെടുത്തരുതെന്നും യെഡിയൂരപ്പ പ്രതികരിച്ചു. എതിര്‍പ്പുള്ളവര്‍ക്ക് ദല്‍ഹിയില്‍ പോയി ദേശീയ നേതാക്കള്‍ക്ക് പരാതി നല്‍കാം. ഇതിനെ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഏഴു മന്ത്രിമാരേയാണ് കഴിഞ്ഞ ദിവസം യെഡിയൂരപ്പ് പതുതായി ഉള്‍പ്പെടുത്തിയത്. എംടിബി നാഗരാജ്, ഉമേഷ് കട്ടി, അരവിന്ദ് ലിംബാവാലി, മരുഗേഷ് നിരനി, ആര്‍ ശങ്കര്‍, സിപി യോഗേശ്വര്‍, അന്‍ഗര എസ് എന്നിവരാണ് പുതിയ മന്ത്രിമാര്‍. നാഗരാജും യോഗേശ്വറും കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി ബിജെപിയിലെത്തിയവരാണ്. ആര്‍ ശങ്കര്‍ സ്വതന്ത്രനുമായിരുന്നു. തകര്‍ന്ന മുന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിലും ശങ്കര്‍ മന്ത്രിയായിരുന്നു. 

Latest News