കണ്ണൂർ- ദേശീയ പാത ബൈപാസ് റോഡ് നിർമാണത്തിനായുള്ള സർവേക്ക് എത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പാപ്പിനിശ്ശേരി തുരുത്തിയിലെ രാഹുൽ കൃഷ്ണ എന്ന യുവാവാണ് ദേഹത്തു പെട്രോളൊഴിച്ച് തീക്കൊളുത്താൻ ശ്രമിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. യുവാവിനെ ഉടൻ തന്നെ പിടിച്ചു മാറ്റിയതിനാൽ ദുരന്തം ഒഴിവായി.
ദേശീയ പാത ബൈപാസിന് വേണ്ടി സ്ഥലമേറ്റെടുക്കുമ്പോൾ വീടടക്കം നഷ്ടപ്പെടുന്ന കുടുംബത്തിലെ അംഗമാണ് യുവാവ്. ഇവിടെ ദളിത് കുടുംബങ്ങൾ വർഷങ്ങളായി സമര രംഗത്താണ്. ബൈപാസ് റോഡിന്റെ അലൈൻമെന്റ് മാറ്റണമെന്നാവശ്യപ്പെട്ടാണ് സമരം. കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരിക്കടക്കം പരാതി നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നുവെങ്കിലും ഫലമുണ്ടായില്ല. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് കീഴാറ്റൂരിലും പാപ്പിനിശ്ശേരി തുരുത്തിയിലുമാണ് ബൈപാസിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ജനങ്ങൾ സമര രംഗത്തുണ്ടായിരുന്നത്.
സംസ്ഥാന വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ അടുത്ത ബന്ധുക്കളുടെ ഭൂമി ഏറ്റെടുക്കുന്നത് ഒഴിവാക്കുന്നതിനായി അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നാണ് പാപ്പിനിശ്ശേരി തുരുത്തി നിവാസികളുടെ പരാതി. ദേശീയ പാതാ വിഭാഗം ത്രിഡി വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ ഇവിടെ ചില കുടുംബങ്ങൾ ഭൂമി വിട്ടുനൽകുന്നതിന് തയാറായിരുന്നു.
സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായാണ് ഇന്നലെ രാവിലെ ഉദ്യോഗസ്ഥർ പാപ്പിനിശ്ശേരി തുരുത്തിയിൽ അന്തിമ സർവേക്കെത്തിയത്. രാവിലെ ഭൂമി വിട്ടുകൊടുക്കാൻ തയാറായവരുടെ സ്ഥലങ്ങളിലാണ് സർവേ നടത്തിയത്. ഈ സമയത്തു തന്നെ ചിലർ പ്രതിഷേധ സ്വരം ഉയർത്തിയിരുന്നു.
ഉച്ചക്ക് ശേഷം മറ്റു ഭാഗങ്ങളിൽ സർവേ നടത്താനൊരുങ്ങുന്നതിനിടെയാണ് രാഹുൽ കൃഷ്ണയുടെ അപ്രതീക്ഷിത നീക്കമുണ്ടായത്. ആകെയുള്ള വീടും സ്ഥലവും ഇല്ലാതായാൽ പിന്നെ ജീവിക്കേണ്ടെന്ന് പറഞ്ഞാണ് രാഹുൽ കൃഷ്ണ ദേഹത്ത് പെട്രോളൊഴിച്ച ശേഷം തീക്കൊളുത്താൻ ഒരുങ്ങിയത്. പോലീസെത്തി ബലം പ്രയോഗിച്ച് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുരുത്തി പ്രദേശത്ത് 29 വീടുകളാണുള്ളതെന്നും ഇതിൽ 12 പേർ സ്ഥലം വിട്ടുനൽകിയെന്നുമാണ് റവന്യൂ അധികൃതർ പറയുന്നത്. എന്നാൽ ഇത് കളവാണെന്നും ഏതാനും ചിലർ സമ്മതമറിയിക്കുക മാത്രമാണ് ചെയ്തതെന്നും അശാസ്ത്രീയമായ അലൈൻമെന്റിന് ഭരണ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം പച്ചക്കൊടി കാട്ടി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് കോളനി നിവാസികളുടെ വാദം.
യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ, പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും നടന്നു. സമര സമിതി നേതാവ് നിഷിൽ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തെത്തുടർന്ന് സർവേ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ സർവേ നടപടികൾ പൂർത്തിയാക്കി രണ്ടാഴ്ച കക്കകം റിപ്പോർട്ട് നൽകാൻ കലക്ടർ നിർദേശം നൽകിയതായി റവന്യൂ വകുപ്പ് അധികൃതർ പറഞ്ഞു.
തിരുവനന്തപുരം കടക്കാവൂരിൽ പുറമ്പോക്കിൽ നിന്ന് കുടിയിറക്കുന്നതിനിടെ ദമ്പതിമാർ പെട്രോളൊഴിച്ച് തീക്കൊളുത്തി ആത്മഹത്യ ചെയ്തതിന്റെ നടുക്കം മാറുന്നതിന് മുമ്പേയാണ് കണ്ണൂരിൽ സമാനമായ സാഹചര്യമുണ്ടായത്.