പാലക്കാട്- റെഗുലര്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ മലബാര്‍ മേഖലയിലും മെമു ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോള്‍ ഏതാനും എക്‌സ്പ്രസ് ട്രെയിനുകള്‍ മാത്രമാണ് കേരളത്തില്‍ കോവിഡ് സ്‌പെഷ്യലായി സര്‍വീസ് നടത്തുന്നത്. ഏറെ വൈകാതെ ട്രെയിന് സര്‍വീസുകള്‍ പതിവു രീതിയിലാക്കാനാണ് ആലോചന. കേരള സര്‍ക്കാരിന്റെ സമ്മര്‍ദം ഇക്കാര്യത്തില്‍ വേണ്ടതുണ്ട്. തൃശൂര്‍ വരെയാണ് മെമു സര്‍വീസുകളുള്ളത്. അടുത്തു തന്നെ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, മംഗലാപുരം നഗരങ്ങളെ ബന്ധിപ്പിച്ചും ഇവയുടെ സര്‍വീസ് ആരംഭിക്കും. പാസഞ്ചര്‍ ട്രെയിനിന്റെ യാത്രാ നിരക്കില്‍ കൂടുതല്‍ സൗകര്യപ്രദമായ കോച്ചുകളില്‍ യാത്ര ചെയ്യാം. മെമു സര്‍വീസുകള്‍ ഇടയ്ക്കിടെയുണ്ടാവുമെന്നതിനാല്‍ ലോക്കല്‍ ട്രെയിനുകളിലെ തിരക്കും കുറയും.