ന്യൂദൽഹി- അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിൽ ദൽഹിയിൽ അടിയന്തരാവസ്ഥക്കു സമാനമായ സാഹചര്യമാണുള്ളതെന്നു സുപ്രീം കോടതി. അതിനിടെ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം സംബന്ധിച്ച ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ സർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിൽ പുതിയ ഹരജി നൽകി.
വനിതകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ഇളവ് നൽകി പദ്ധതി നടപ്പാക്കാൻ അനുവദിക്കണമെന്നാണു ദൽഹി സർക്കാർ നിലപാട്. ആർക്കും ഇളവില്ലാതെ പദ്ധതി നടപ്പാക്കണമെന്നാണ് കഴിഞ്ഞ ദിവസം ഹരിത ട്രൈബ്യൂണൽ നിർദേശിച്ചത്. അന്തരീക്ഷം ഇന്നലെയും തെളിയാതിരുന്ന ദൽഹിയിൽനിന്നുള്ള 69 ട്രെയിനുകൾ വൈകിയോടി. 22 ട്രെയിനുകൾ റീ ഷെഡ്യൂൾ ചെയ്തു. ഇന്നലെത്തേക്കു ഷെഡ്യൂൾ ചെയ്തിരുന്ന പത്തു ട്രെയിനുകളും ഇന്നത്തേക്കുള്ള നാലു ട്രെയിനുകളും മോശം കാലാവസ്ഥയെ തുടർന്നു റദ്ദാക്കി.
പൊടികൊണ്ടും തീയിടൽ കൊണ്ടും ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടി അഭിഭാഷകനായ ആർ.കെ കപൂർ നൽകിയ പരാതി പരിഗണിക്കവേയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ് തുടങ്ങിയവർ ഉൾപ്പെട്ട ബെഞ്ച് ദൽഹിയിലെ അന്തരീക്ഷം അടിയന്തരാവസ്ഥാ സമാനമാണെന്ന് വിലയിരുത്തിയത്.
പുനഃപരിശോധന ആവശ്യപ്പെട്ട് ദൽഹി സർക്കാർ നൽകിയ ഹരജി ഹരിത ട്രൈബ്യൂണൽ ഇന്നു പരിഗണനക്കെടുക്കും. പുറമേയാണു ദൽഹിയിലെ അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഇന്നലെ കേന്ദ്ര സർക്കാരിനും ദൽഹി, പഞ്ചാബ്, ഹരിയാന സംസ്ഥാന സർക്കാരുകൾക്കും നോട്ടീസയച്ചത്.
പൊടിയിൽനിന്നും വൈക്കോൽ കത്തിച്ചും ഉണ്ടാകുന്ന മലിനീകരണം സംബന്ധിച്ചു നൽകിയ പരാതിയിലായിരുന്നു നടപടി. ദൽഹിയിൽ അടിയന്തരാവസ്ഥക്കു സമാനമായ അന്തരീക്ഷമാണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി അടിയന്തര പരിഹാരം കാണണമെന്നും നിർദേശിച്ചു.
മലിനീകരണം രൂക്ഷമായതിനെ തുടർന്ന് അഞ്ചു ദിവസം അടച്ചിട്ട ദൽഹിയിലെ സ്‌കൂളുകൾ ഇന്നലെ തുറന്നപ്പോൾ ഗുരുഗ്രാമിലെ സ്‌കൂളുകൾ അടഞ്ഞുകിടന്നു.
അതിനിടെ ഇന്നലെ ഹരിത ട്രൈബ്യൂണലിൽ ഹരജി നൽകാൻ വൈകിയ ദൽഹി സർക്കാരിന് ട്രൈബ്യൂണലിന്റെ പരിഹാസവും ഏറ്റുവാങ്ങേണ്ടിവന്നു. ഹരജി തയാറായില്ലെന്നു ആദ്യം വ്യക്തമാക്കിയ സർക്കാർ പിന്നീട് ഉച്ചക്കു രണ്ടു മണിക്ക് ശേഷമാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഇന്നലെ ഇതു സംബന്ധിച്ച വിഷയം പരിഗണനക്കെടുക്കുന്നതിനിടെ രാവിലെ പത്തരക്കാണ് ദൽഹി സർക്കാർ പുനഃപരിശോധന ഹരജി നൽകാത്തതിനെ ദേശീയ ഹരിത ട്രൈബ്യൂണൽ അധ്യക്ഷൻ ജസ്റ്റീസ് സ്വതന്ത്ര കുമാർ ചോദ്യം ചെയ്തത്. സർക്കാർ മുൻപ് വ്യക്തമാക്കിയതു പോലെ പുനഃപരിശോധന ഹരജി എത്തിയില്ലല്ലോ, അതോ അത് മാധ്യമങ്ങൾക്ക് വേണ്ടി വെറുതെ പറഞ്ഞ പ്രസ്താവനയാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ദൽഹിയിലെ നിരത്തുകളിൽ പതിവായി വാഹനങ്ങൾ വ്യാപകമായ നിയമലംഘനം നടത്തുന്നുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശം. മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ച വാഹനങ്ങൾ കണ്ടെത്താൻ പരിശോധന നടത്തണമെന്ന് ഹൈക്കോടതി ട്രാഫിക് പോലീസിനും ഗതാഗത വകുപ്പിനും കർശന നിർദേശം നൽകി. ചിലയിടങ്ങളിൽ പരിശോധന നടക്കുന്നുണ്ടെങ്കിലും വ്യാപകമായി നിയമലംഘനം നടക്കുന്നുണ്ടെന്നാണ് ദൽഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഗീത മിത്തലും ജസ്റ്റീസ് സി. ഹരിശങ്കറും പറഞ്ഞത്. എന്തു കൊണ്ടാണ് ദൽഹിയിൽ കർശന വാഹന പരിശോധന പതിവായി നടത്താത്തതെന്നും കോടതി ആരാഞ്ഞു.