ന്യൂദല്‍ഹി-വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ 2018ലെ പരമോന്നത നീതിപീഠത്തിന്റെ വിധി സേനാവിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് ബാധകമാക്കരുത് എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്രത്തിന്റെ ആവശ്യത്തില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ അധ്യക്ഷതയിലുളള ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചു.
സഹപ്രവര്‍ത്തകരുടെ ഭാര്യമാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സേനാവിഭാഗങ്ങളില്‍ ഉള്ളവരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. അത്തരം ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ സൈനിക ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിന് യോജിച്ച പ്രവര്‍ത്തിയല്ല ചെയ്യുന്നത്. എന്നാല്‍, 2018ലെ സുപ്രീം കോടതി വിധിക്ക് ശേഷം ഇത്തരം ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ തങ്ങള്‍ ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2018ല്‍ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി ആയതിനാല്‍, അതില്‍ വ്യക്തത വരുത്തേണ്ടത് ഭരണഘടനാ ബെഞ്ച് ആണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497ാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന് 2018ലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിച്ചത്. വിവാഹേതര ലൈംഗികബന്ധം വിവാഹമോചനത്തിന് കാരണമായി തുടരുമെങ്കിലും അത് ക്രിമിനല്‍ കുറ്റമല്ലെന്നായിരുന്നു ഭരണഘടന ബെഞ്ചിന്റെ വിധി.