പട്‌ന- ബിഹാര്‍ തലസ്ഥാനത്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഉന്നത ഉദ്യോഗസ്ഥനെ അജ്ഞാത സംഘം വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിമര്‍ശനം. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള രൂപേഷ് കുമാര്‍ സിങ് എന്ന 44കാരന്റെ കൊലപാതകത്തെ തുടര്‍ന്ന് സഖ്യകക്ഷിയായ ബിജെപിയും നിതീഷിനെതിരെ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വസതിയുടെ രണ്ടു കിലോമീറ്റര്‍ അടുത്ത് വച്ചാണ് കഴിഞ്ഞ ദിവസം രൂപേഷ് കൊല്ലപ്പെട്ടത്. വീടിന്റെ ഗേറ്റ് തുറക്കാന്‍ പുറത്ത് കാറില്‍ കാത്തിരിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടു പേര്‍ രൂപേഷിനെ വെടിവച്ചു കൊന്നത്. വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവലത്തില്‍ കോവിഡ് വാക്‌സിന്‍ എത്തിയപ്പോള്‍ രുപേഷും അവിടെയുണ്ടായിരുന്നു. ഇതിനു മണിക്കൂറുകള്‍ക്കു ശേഷമാണ് രുപേഷ് കൊല്ലപ്പെട്ടത്.
പല രാഷ്ട്രീയ നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും അടുപ്പമുണ്ടായിരുന്ന ആളാണ് രൂപേഷ്. കേസ് അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചതായി മുഖ്യമന്ത്രി നതീഷ് അറിയിച്ചു. പ്രതികളെ ഉടന്‍ വിചാരണ നടത്തി ശിക്ഷ ഉറപ്പാക്കാനും അദ്ദേഹം ഉത്തരവിട്ടു. അതേസമയം സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഖ്യകക്ഷിയായ ബിജെപിയുടെ എംപി വിവേക് ഠാക്കൂര്‍ രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാനം മുഖ്യമന്ത്രി നിതീഷിനു നിയന്ത്രിക്കാനാകുന്നില്ലെന്ന് ബിജെപി എംപി ഗോപാല്‍ നാരായണ്‍ സിങ് ആരോപിച്ചു.
ബിഹാറിലെ ബിജെപി-ജെഡിയു സഖ്യത്തില്‍ വിള്ളലുകള്‍ ഉണ്ടെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് ബിജെപി നേതാക്കള്‍ നിതീഷിനെതിരെ ശക്തമായി രംഗത്തു വന്നിരിക്കുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന നിതീഷിന് ക്രമസമാധാനം നിയന്ത്രിക്കാനാകുന്നില്ലെന്നും അലംഭാവമാണെന്നും അഴിമതി വര്‍ധിച്ചു വരികയാണെന്നം ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.