മനില- പ്രമുഖ രാഷ്ട്ര നേതാക്കൾ പങ്കെടുത്ത മനിലയിലെ ആസിയാൻ ഉച്ചകോടിയിൽ റോഹിംഗ്യൻ പ്രശ്‌നത്തിന് അയിത്തം. ഇപ്പോഴും റോഹിംഗ്യ മുസ്‌ലിംകൾ മ്യാന്മറിൽനിന്ന് കൂട്ടപ്പലായനം തുടരവേ, ആസിയാൻ ഈ പ്രശ്‌നത്തിൽ മൗനം അവലംബിച്ചു. ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ രൂക്ഷമായി പ്രതികരിച്ചിട്ടും കാര്യമായ ശ്രദ്ധ കൊടുക്കാതെയാണ് ആസിയാൻ ഉച്ചകോടി നടന്നത്.
തെക്കുകിഴക്കേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്റെ അൻപതാം ഉച്ചകോടിയുടെ കരട് റിപ്പോർട്ടിൽ എങ്ങും തൊടാതെയുള്ള പരാമർശത്തിലൊതുങ്ങി സുപ്രധാനമായ ഈ വിഷയം. ആസിയാനിൽ മ്യാൻമറും അംഗമാണ്.
വിയറ്റ്‌നാമിലുണ്ടായ പ്രകൃതി ദുരന്തങ്ങളിൽപ്പെട്ടവർക്കും ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ഫിലിപ്പീൻസിലുണ്ടായ പോരാട്ടത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്കും സഹായം എത്തിക്കണമെന്നു കരടു റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. ഇതോടൊപ്പമാണു റാഖൈൻ സംസ്ഥാനത്തു 'ചില 'പ്രശ്‌നങ്ങൾ ബാധിക്കപ്പെട്ട വിഭാഗക്കാർക്കും' സഹായമെത്തിക്കണമെന്നു പറയുന്നത്.
ഇതുമാത്രമാണ് റോഹിംഗ്യൻ പലായനം സംബന്ധിച്ച ഏക പരാമർശം. മേഖലയിലെ സംഘർഷത്തെപ്പറ്റിയോ രോഹിംഗ്യ എന്ന വാക്കുപോലുമോ റിപ്പോർട്ടിലില്ല. ഉച്ചകോടിക്കു വേദിയൊരുക്കിയ രാജ്യമെന്ന നിലയിൽ വിയറ്റ്‌നാം ആണ് റിപ്പോർട്ട് തയാറാക്കിയത്. രോഹിംഗ്യ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ഉച്ചകോടിക്കെത്തുന്ന വിദേശ നേതാക്കളോടു മ്യാൻമർ നേതാവ് ഓങ് സാൻ സൂചി ആവശ്യപ്പെട്ടിരുന്നു.
ഉച്ചകോടിക്കിടെ മലേഷ്യ റോഹിംഗ്യൻ വിഷയത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ അംഗരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന നയത്തിന്റെ അടിസ്ഥാനത്തിൽ 10 രാജ്യങ്ങളും നിശബ്ദത പാലിക്കുകയായിരുന്നു. സൂചിയും തന്റെ പ്രസംഗത്തിൽ രോഹിംഗ്യകളെപ്പറ്റി മിണ്ടിയില്ല.
അനധികൃതമായി മ്യാൻമറിലേക്കു കുടിയേറിയതാണെന്നാരോപിച്ചു റോഹിംഗ്യകൾക്കു നേരെ വൻതോതിൽ അതിക്രമം നടക്കുകയാണ്. ഓഗസ്റ്റ് മധ്യത്തിൽ ആരംഭിച്ച നടപടികൾക്കു പിന്നിൽ സൈന്യത്തിനും പങ്കുണ്ട്. ആറു ലക്ഷത്തിലേറെ റോഹിംഗ്യകൾ ഇതിനോടകം ബംഗ്ലാദശിലേക്കു മാത്രം പലായനം ചെയ്തിട്ടുണ്ട്.