അഹമ്മദാബാദ്- തന്റെ പേരില്‍ ബി.ജെ.പി ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചേക്കുമെന്ന പട്ടിദാര്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിന്റെ പ്രവചനം ഫലിച്ചു. ഒരു യുവതിയോടൊത്ത് ഹോട്ടല്‍ മുറിയില്‍ ചെലവിടുന്ന ഹര്‍ദിക് പട്ടേലിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചില ഗുജറാത്തി മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ബി.ജെ.പിയുടെ വൃത്തിക്കെട്ട രാഷ്ട്രീയത്തിന്റെ തെളിവാണ് ഈ സിഡിയെന്നും കെട്ടിച്ചമച്ചതാണെന്നും ഹര്‍ദിക് പ്രതികരിച്ചു. 2017 മെയ് 16 എന്നാണ് വീഡിയോയിലുള്ളത്. നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നീല വസ്ത്രം ധരിച്ചെത്തിയ യുവതിയോടൊത്ത് ഹര്‍ദിക് ചെലവിടുന്ന ദൃശ്യങ്ങളാണുള്ളത്.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാനുള്ള ഹര്‍ദികിന്റെ തീരുമാനം ബി.ജെ.പിയെ പ്രകോപിപ്പിച്ചിരുന്നു. തന്റെ പേരില്‍ ഇത്തരത്തില്‍ സി.ഡി പുറത്തിറക്കിയേക്കുമെന്ന് ഒരാഴ്ച്ച മുമ്പ് ഹര്‍ദിക് തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന് പിന്തുണ നല്‍കിയാല്‍ ഈ ദൃശ്യം പുറത്തിറക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ ഹര്‍ദികിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവത്രെ. ഗുജറാത്തിലെ സ്ത്രീകളെയാണ് ഈ ദൃശ്യം പുറത്തുവിട്ടതിലൂടെ ബി.ജെ.പി അപമാനിച്ചതെന്നും അതിന് തക്ക മറുപടി ലഭിക്കുമെന്നും ഹര്‍ദിക് മുന്നറിയിപ്പ് നല്‍കി.
ബി.ജെ.പി സമ്മര്‍ദത്തിലാണെന്നും അതുകൊണ്ടാണ് ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഹര്‍ദികിനെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോശി അഭിപ്രായപ്പെട്ടു.