പട്‌ന- ബിഹാറിലെ മധുബനി ജില്ലയില്‍ സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത 15കാരിയെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ രണ്ടു കണ്ണുകളും കുത്തിപ്പൊട്ടിച്ചതായി പോലീസ് പറഞ്ഞു. പ്രതികളെ പെണ്‍കുട്ടി തിരിച്ചറിയാതിരിക്കാനാണ് കണ്ണുകള്‍ പൊട്ടിച്ചതെന്ന് കരുതപ്പെടുന്നു. പരിക്കേറ്റ രണ്ടു കണ്ണുകളുടേയും കാഴ്ച ശക്തി പൂര്‍ണമായും നഷ്ടമായിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയിലാണ്. ചൊവ്വാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന മൂന്ന് പേരെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
അയല്‍ക്കാരായ ഏതാനും കുട്ടികള്‍ക്കൊപ്പം ആടുകളെ പുല്ലു തീറ്റിക്കാന്‍ പുറത്തിറങ്ങിയതായിരുന്നു പെണ്‍കുട്ടി. കൂടെ ഉണ്ടായിരുന്ന കുട്ടികളില്‍ ഒരാളാണ് സംഭവം പെണ്‍കുട്ടിയുടെ വീട്ടിലറിയിച്ചത്. വീട്ടുകാര്‍ എത്തുമ്പോള്‍ അബോധവാസ്ഥയില്‍ കിടക്കുന്ന നിലയിലായിരുന്നു പെണ്‍കുട്ടി.