കോഴിക്കോട്- ഒരിടവേളയ്ക്ക് ശേഷം മുസ്‌ലിം ലീഗ് നേതൃത്വം വനിതാ സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നു. രണ്ടോ, മൂന്നോ സീറ്റുകളില്‍ വനിതകളെ നിര്‍ത്താനാണ് സാധ്യത. കോഴിക്കോട്, മലപ്പുറം ജില്ലകളിലായിരിക്കുമിത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൈ ചൂണ്ടിയ തീപ്പൊരി പ്രഭാഷക ഫാത്തിമ തെഹ്‌ലിയക്കാണ് പ്രഥമ പരിഗണനയെന്നാണ് സൂചന. മുനീറും ഫിറോസുമില്ലെങ്കില്‍ കോഴിക്കോട് സൗത്തിലായിരിക്കും സ്ഥാനാര്‍ഥിത്വം. . സംഘടനാ രംഗത്ത് സജീവ സാന്നിധ്യമാണ് ഫാത്തിമ തെഹ്‌ലിയ. കാമ്പസുകളിലും മറ്റു വേദികളിലും അവര്‍ നടത്തിയ പ്രസംഗങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമാണ്. ഫാസിസത്തിനെതിരെ പതിവായി സംസാരിക്കുന്ന നേതാവാണ്. കോഴിക്കോട് ജില്ലാ കോടതിയിലെ അഭിഭാഷകയാണ് ഫാത്തിമ. കോഴിക്കോട്ടെ പൂവാട്ടുപറമ്പിലെ ലീഗ് നേതാവ് അബ്ദുറഹിമാാന്റെ മകളാണ് ഫാത്തിമ തെഹ്‌ലിയ. ചാലപ്പുറം സ്വദേശി ഷഹദാണ് ഭര്‍ത്താവ്. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതാ ലീഗ് അധ്യക്ഷ ഖമറുന്നീസ അന്‍വറിനെ കോഴിക്കോട് സൗത്തില്‍ മല്‍സരിപ്പിച്ചിരുന്നു. ശേഷം ഇതുവരെ ഒരു വനിതയെ നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ ലീഗ് മല്‍സരിപ്പിച്ചിട്ടില്ല. ഇത്തവണ പുതുമുഖങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യമുണ്ടാകുമെന്ന് ലീഗ് നേതാക്കള്‍ പറയുന്നു.