ബെംഗളൂരു- അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബെംഗളൂരുവിലാണ് ആദ്യ ഓഫീസ് തുറന്നത്. ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ജനുവരി എട്ടിനാണ് കമ്പനി കര്‍ണാടകയില്‍ രജിസറ്റര്‍ ചെയ്തത്. ഇലക്ട്രിക് വാഹനങ്ങളുടെയും ഊര്‍ജ ഉപകരണങ്ങളുടേയും ഇറക്കുമതി, വിതരണം, വില്‍പ്പന, സര്‍വീസ്, പരിപാലനം എന്നിവയാണ് കമ്പനി ചെയ്യുക എന്ന് രജിസ്‌ട്രേഷന്‍ രേഖകളില്‍ പറയുന്നു. സോളാര്‍ പാനല്‍, സോളാര്‍ ഇലക്ട്രിക്കല്‍ സിസ്റ്റം എന്നിവ ഉള്‍പ്പെടെയുള്ള ഊര്‍ജ ഉല്‍പ്പാദന ഉപകരണങ്ങളും കമ്പനി നിര്‍മിക്കും. ഭാവിയില്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യാനും പദ്ധതിയുണ്ട്. ഡേവിഡ് ജോന്‍ ഫെയിന്‍സ്റ്റൈന്‍, വെങ്കടരംഗം ശ്രീറാം, വൈഭവ് തനേജ എന്നിവരാണ് കമ്പനി ഡയറക്ടര്‍മാര്‍.