ന്യൂദല്‍ഹി-ലോകത്തില്‍ ഏറ്റവും വിലക്കുറവില്‍ മൊബൈല്‍ ഫോണ്‍ നല്‍കുമെന്ന് അവകാശപ്പെട്ട് ബുക്കിംഗ് സ്വീകരിച്ച റിംഗ് ബെല്ലിന്റെ സ്ഥാപകന്‍ മോഹിത് ഗോയല്‍ വഞ്ചനക്കുറ്റത്തിന് നോയ്ഡയില്‍ അറസ്റ്റില്‍. 200 കോടി രൂപയുടെ ഡ്രൈ ഫ്രൂട്ട്‌സ് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. 251 രൂപ നിരക്കില്‍ മൊബൈല്‍ ഫോണ്‍ നല്‍കുമെന്ന അവകാശപ്പെട്ട് ശ്രദ്ധ നേടിയ കമ്പനിയുടെ സ്ഥാപകനാണ് മോഹിത് ഗോയല്‍. ഇദ്ദേഹം ദുബായ് ഡ്രൈ ഫ്രൂട്ടസ് ആന്‍ഡ് സ്‌പൈസസ് ഹബ്ബ് എന്ന പേരില്‍ ഗോയര്‍ അഞ്ച് പേരോടൊപ്പം ചേര്‍ന്ന് കമ്പനി നടത്തുന്നുണ്ട്. നോയിഡയിലാണ് ഇവരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവര്‍ക്കെതിരെ പരാതികള്‍ ലഭിച്ചതോടെയാണ് പോലീസ് കമ്പനിക്കെതിരെ നടപടികള്‍ ആരംഭിച്ചത്.