'വിശ്വാമിത്രൻ മേനക നൃത്തം ചെയ്യുന്നതെന്തിനു നോക്കുന്നു. വൈ എൻ കെയോടു ചോദിക്കല്ലേ.' അങ്ങനെ അർഥം വരുന്ന ഒരു കന്നഡ കവിതാശകലം ഓർമ്മ വരുന്നു. പരിഹാസവും തത്ത്വചിന്തയും രാഷ്ട്രീയവും കലർത്തി കവിത ചമച്ചിരുന്ന എഡിറ്റർ ആയിരുന്നു വൈ എൻ കെ, വൈ എൻ കൃഷ്ണമൂർത്തി. വാക്കുകൾകൊണ്ട് പകിട കളിച്ചാണ് അദ്ദേഹം കവിതയും കമന്ററിയും തീർക്കുക. ഒരിക്കൽ ഇതായിരുന്നു പദ്യവും പ്രശ്‌നവും: വിശ്വാമിത്രൻ മേനക നൃത്തം ചെയ്യുന്നതെന്തിനു നോക്കുന്നു. വൈ എൻ കെയോടു ചോദിക്കല്ലേ.
പിന്നെ ആരോടു ചോദിക്കാനാണ്? വാസ്തവത്തിൽ വേറെ ആരോടും ചോദിച്ചിട്ടു കാര്യമില്ലെന്നു സൂചിപ്പിക്കാനായിരുന്നിരിക്കും വൈ എൻ കെയുടെ പരിപാടി. വിശ്വാമിത്രനായാൽ മേനക നൃത്തമാടുന്നത് നോക്കിയിരിക്കും. വിശ്വാമിത്രനെ വിശ്വാമിത്രനാക്കുന്നത് അങ്ങനെ നോക്കാനുള്ള വാസനയാണല്ലോ. രാജാവ് ഋഷിയായതും വസിഷ്ഠനോടു വഴക്കിട്ടതും രാമനെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതും പിന്നെയേ വരൂ. മേനകയുമായി ഇടപഴകിയതും ശകുന്തളക്ക് ജന്മം നൽകിയതും തന്നെ ആദ്യത്തെ കാര്യം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വിശ്വാമിത്രനെപ്പോലും വിട്ടുകൊടുക്കാത്ത അഭിസാരികയായിരുന്നു മേനക.
ഈ പ്രമേയം നമ്മുടെ സാഹിത്യത്തിലും പുരാവൃത്തത്തിലും ആകമാനം വിലസിച്ചു നിൽക്കുന്നതു കാണാം. വിശ്വാമിത്രനെ വെല്ലുന്ന പരാശരൻ അങ്ങനെ വെട്ടിൽ വീണിരുന്നു. എന്തിന് അവിടെ നിർത്തുന്നു, സാക്ഷാൽ ശിവൻ തന്നെ പ്രീണിപ്പിക്കപ്പെട്ടതിന്റെ കഥയാണ് ലോകോത്തരകവിതയായ കുമാരസംഭവം. അതിൽനിന്നു നമ്മൾ വാറ്റിയെടുത്തിരിക്കുന്നു ഇതു പോലത്തെ ആപ്തവാക്യവും സാഹിത്യവും: കനകം മൂലം കാമിനി മൂലം...പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല.
സ്ത്രീവാദ വിദഗ്ധകൾ എങ്ങനെ ഈ ചിന്തയെ നേരിടുമെന്നു പറയാൻ വയ്യ. സ്ത്രീയുടെ ശക്തി ഉയർത്തിക്കാണിക്കുന്ന പ്രസ്താവമായി അതിനെ കാണാം. എല്ലാം സ്ത്രീയുടെ മേൽ കെട്ടിവെക്കുന്ന പുരുഷസൂത്രമായും അതിനെ വ്യാഖ്യാനിക്കാം. എന്തായാലും സൂര്യോർജ വ്യാപാരിയായ സരിതയുടെ ആഘാതമേറ്റു വീണിരിക്കുന്ന രാഷ്ട്രീയനേതാക്കളുടെയും പോലീസ് മേധാവികളുടെയും ദുരിതവും ദുര്യോഗവും ചർച്ച ചെയ്യപ്പെടേണ്ടത് തന്നെ. ഇടയ്‌ക്കൊന്നു പറഞ്ഞോട്ടെ, അനുഭവിക്കുമ്പോൾ രസിക്കുകയും അനുഭവം പരസ്യമായാൽ ദുരിതമാവുകയും ചെയ്യുന്നതാണ് ഈ പ്രകരണം. അതുപോലത്തെ സംഭവങ്ങൾ അധികം കാണില്ല.
എത്ര ചർച്ച ചെയ്തിട്ടും പരിഹാരം കാണാത്തതും മതിവരാത്തതുമാണ് സരിതാപർവം. ഒരു ജുഡിഷ്യൽ കമ്മിഷൻ തന്നെ അതിലേക്കു വലിച്ചിഴക്കപ്പെട്ടിരിക്കുന്നു. സരിതയുടെ ആകർഷകത്വവും ആവർജ്ജകത്വവുമാണ് കമ്മിഷൻ റിപ്പോർട്ടിലെ ഉച്ചബിന്ദു. സരിതയുടെ ഉദീരണങ്ങൾ ഇനിയും അന്വേഷിക്കേണ്ടതാണെന്ന് നിർദ്ദേശിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
എന്താണന്വേഷിക്കുക? ആർ അന്വേഷിച്ചു കണ്ടെത്തും? ആരെങ്കിലും സാക്ഷിയാകാൻ പാകത്തിൽ നടന്നതാവില്ല സരിത ഉന്നയിച്ചതും കമ്മിഷൻ വിശദമായ അന്വേഷണം ശുപാർശ ചെയ്തതുമായ കാര്യങ്ങൾ. അതിന്റെ ദൃശ്യങ്ങൾ അവശേഷിച്ചിട്ടുണ്ടെങ്കിൽ, അതിലുൾപ്പെടുന്ന ആളുകൾക്കെതിരെ പിന്നീട് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ നിർവഹിക്കപ്പെട്ടതായിരുന്നു അതൊക്കെ എന്നർഥം. ആ സൂത്രവും ആസൂത്രണവും മതി അതിന്റെ വിശ്വാസ്യതയെ സംശയാസ്പദമാക്കാൻ.
സർക്കാർ നിർദ്ദേശിച്ച അന്വേഷണവിഷയങ്ങളിൽനിന്ന് അപ്പുറം പോയി ജുഡീഷ്യൽ കമ്മിഷൻ എന്നാണ് ആരോപണം കൊണ്ടു വീണവരുടെ പരിദേവനം. പറയാത്ത കാര്യം തിരക്കിപ്പോയത്, സാങ്കേതികമായി പറഞ്ഞാൽ, അതിക്രമമായിരിക്കാം. പക്ഷേ ആ സാങ്കേതികത്വം പറയുന്നതിൽ എന്തോ പങ്കപ്പാടുള്ളത് പോലെ തോന്നുന്നൂ. അതൊന്നും നടക്കാത്തതോ നടത്താൻ ആരും ഉദ്ദേശിക്കാത്തതോ ആയിരുന്നെങ്കിൽ, അങ്ങനെത്തന്നെ വെട്ടിത്തുറന്ന് പറഞ്ഞാൽ മതിയല്ലോ. ഉമ്മൻ ചാണ്ടി അനുവർത്തിക്കുന്നതാണ് ആ നയം. താൻ ഇതൊന്നും മനസ്സ് കൊണ്ടോ വാക്ക് കൊണ്ടോ കർമം കൊണ്ടോ ചക്ഷുസ്സ് കൊണ്ടോ ചെയ്തതല്ല.
അപ്പോൾ പിന്നെ ഒന്നേ വഴിയുള്ളൂ. സത്യം കണ്ടു പിടിക്കുക. എന്താണ് സത്യം? ആരാണ് സാക്ഷി? പുതിയ അന്വേഷണത്തിന്റെ ചുമതലയുള്ള രാജേഷ് ദിവാൻ എന്ന പൊലിസ് ഉദ്യോഗസ്ഥൻ എവിടെ തുടങ്ങും? ഏതു വഴിക്കു നീങ്ങും? രതിവൈകൃതങ്ങൾ കൂടി ഉൾപ്പെട്ടതാണ് വിഷയം. അതൊന്നും തിരഞ്ഞുപോവാൻ താൻ ആളല്ല എന്ന് അദ്ദേഹം തുടക്കത്തിലേ പറഞ്ഞു. പക്ഷേ സർക്കാർ വിടുന്ന ഭാവമില്ല. ദിവാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തന്നെ അതന്വേഷിക്കണമെന്നാണ് സർക്കാർ നിർബന്ധം.
എന്തെങ്കിലും നിയമാനുസൃതമായ കാര്യം സാധിക്കാൻ നിയമാനുസൃതമല്ലാത്ത വഴി തേടുന്നതും നേടുന്നതുമാണ് അഴിമതി. സാധാരണ പണമാണ് അതിനുള്ള ഉപകരണം. ഉദ്യോഗസ്ഥരോ മന്ത്രിമാരോ പണം വാങ്ങുന്നതോ കൊടുക്കുന്നതോ അന്വേഷിക്കാൻ പോന്നവർ തന്നെ പോലീസുകാരും ന്യായാധിപരും. പക്ഷേ പണമല്ലാത്ത ചിലതും അഴിമതിയിൽ ഉൾപ്പെടാം. എന്തെങ്കിലും നേടാൻ വേണ്ടി, അത് കൊടുക്കുന്ന ആൾക്ക് ലൈംഗികതൃപ്തി പകരുന്നതും അഴിമതിയുടെ നിർവചനത്തിൽ പെടുമെന്നാണ് ജസ്റ്റിസ് ശിവരാജന്റെ വിധി. അതൊക്കെ എങ്ങനെ ഒപ്പിച്ചു എന്നന്വേഷിക്കാൻ പോലീസ് സംഘത്തിനു ലഭിച്ചിരിക്കുന്ന അവസരം അപൂർവമെന്നേ പറയേണ്ടൂ.
സരിത എഴുതിയ നീണ്ട കത്തിലെ ആരോപണങ്ങളാണല്ലോ അന്വേഷണവിഷയം. കത്തിന്റെ വലുപ്പത്തെപ്പറ്റി മാത്രമല്ല വിവാദം. അതിന്റെ ഉള്ളടക്കം പോലും മാറ്റിമറിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഒരു പരാതി. കത്തുകൾ ഒന്നല്ല, പലതായി പടർന്നിരിക്കുന്നു. അതിലൊന്നാണ് തന്റെ റിപ്പോർട്ടിന്റെ അനുബന്ധമായി ജസ്റ്റിസ് ശിവരാജൻ ചേർത്തിരിക്കുന്നതും കൂടുതൽ അന്വേഷണം നടത്താൻ യോഗ്യമായതെന്നു നിർദ്ദേശിക്കുകയും ചെയ്ത പ്രമാണം. സരിതയെപ്പോലുള്ള ഒരാളുടെ, അതു പോലുള്ളൊരു കത്ത് ജുഡിഷ്യൽ പരിശുദ്ധിയുള്ള രേഖകളിൽ ഉൾപ്പെടുത്തിയത് ഭംഗിയായില്ല. ഏതായാലും, അത് അന്വേഷണത്തിന്റെ ഗതിയും പ്രകൃതിയും നിശ്ചയിക്കുന്നതാകയാൽ, ഇനി ആ ഹരം പിടിപ്പിക്കുന്ന നാടകത്തിനുവേണ്ടി കാത്തിരിക്കുകയേ വഴിയുള്ളു.
ലൈംഗികാരോപണങ്ങളുടെ അന്വേഷകനും അന്വേഷണപ്രചോദകനുമായി എന്നതാണല്ലോ ജസ്റ്റിസ് ശിവരാജന്റെ അത്യപൂർവമായ സവിശേഷത. സൗരോർജത്തിന്റെ കാര്യവും കാരണവുമായ സരിതയായിപ്പോയി അന്വേഷണത്തിന്റെ കേന്ദ്രബിന്ദു. അതിന്റെ കാര്യവും കാരണവും സരിതയായിരുന്നില്ലെങ്കിൽ, സരിതയുടെ ഒറിജിനാലിറ്റിയുള്ള ആരോപണങ്ങളല്ലായിരുന്നു അതിന്റെ ഇന്ധനമെങ്കിൽ, ഇത്രയേറെ ജനശ്രദ്ധ ഇത്ര കാലം പിടിച്ചുനിർത്തുമോ എന്ന് അലസരായ സാമൂഹ്യശാസ്ത്രജ്ഞർക്ക് പഠിക്കാം. ഒരു കാര്യം സ്പഷ്ടം: അഴിമതി ഏവരുടെയും ഇഷ്ടവിഷയമാകുന്നു; അതിലുമേറെ ഇഷ്ടവിഷയമാകുന്നു രതിസപര്യ. തങ്ങളുൾപ്പെടാത്ത അഴിമതി ഏവരും വെറുക്കുന്നു; തങ്ങളെ ഉൾക്കൊള്ളാത്ത ലൈംഗികാരോപണം എല്ലാവരും ഇഷ്ടപ്പെടുന്നു.
ഈ അത്യപൂർവതയൊഴിച്ചാൽ, പഞ്ചവാദ്യം മുഴക്കിയ അന്വേഷണങ്ങൾ ഇന്ത്യയിലും കേരളത്തിലും ഏറെ ഉണ്ടായിരിക്കുന്നു. ഏറെ ശ്രദ്ധ കവർന്ന ഒന്നായിരുന്നു നെഹ്‌റുവിന്റെ വിശ്വസ്തനും സമർഥനുമായിരുന്ന പഞ്ചാബ് മുഖ്യൻ പ്രതാപ് സിംഗ് കൈറോണിനെതിരെ നടന്ന അന്വേഷണം. നീണ്ടുനീണ്ടുപോയ അന്വേഷണത്തിൽ കൈറോൺ കുറ്റക്കാരനെന്നു കണ്ടു, പുറത്തായി. നെഹ്‌റുവിന്റെ മന്ത്രിസഭയിൽ മഹനീയസാന്നിധ്യമായിരുന്ന ടി ടി കൃഷ്ണമാചാരി ഒരു കുരുക്കിൽ പെട്ടു, മുന്ധ്ര എന്ന വ്യവസായിയുമായി ബന്ധപ്പെട്ടപ്പോൾ. ടി ടി കെ അഴിമതിയിൽ പെട്ടുവെന്ന് വിധി പറഞ്ഞത് ജസ്റ്റിസ് എം സി ഛഗ്ല ആയിരുന്നു. ഛഗ്ല പിന്നീട് നെഹ്‌റുവിന്റെ വിദ്യാഭ്യാസമന്ത്രിയായി. ടി ടി കെ കാലയവനികക്കടിയിൽ കൂർക്കം വലിക്കാൻ തുടങ്ങി. ഒരിക്കൽ ഇ എം എസ് ചോദിച്ചതോർക്കുന്നു: മുന്ധ്ര മുതൽ മാരുതി വരെ എത്ര അഴിമതി ആരോപണങ്ങൾ ഉണ്ടായി, എത്ര പേർ ശിക്ഷിക്കപ്പെട്ടു എന്നു നോക്കിയിട്ടുണ്ടോ?
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തേഴിനുശേഷമുണ്ടായ പ്രതിഭാസമായിരുന്നു മാരുതി കമ്മീഷൻ. സഞ്ജയ് ഗാന്ധി വഴി ഉണ്ടായ വികൃതികൾ അന്വേഷിക്കുകയായിരുന്നു ഉദ്ദേശ്യം. അതിനെക്കാൾ വ്യാപ്തിയും വൈപുല്യവുമുള്ളതായിരുന്നു ജസ്റ്റിസ് ജെ.സി ഷാ അധ്യക്ഷനായ ഷാ കമ്മീഷൻ. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾ അന്വേഷിക്കാനുള്ളതായിരുന്നു മുൻ സുപ്രിം കോടതി മുഖ്യന്യായാധിപന്റെ നേതൃത്വത്തിൽ രൂപം കൊണ്ട, ദേശീയവാർത്തയായി മാറിയ കമ്മിഷൻ. സഞ്ജയ് ഗാന്ധിയും കൂട്ടരും കൂടി ചിലപ്പോൾ കമ്മിഷനെ കുരങ്ങു കളിപ്പിച്ചു. ഇന്ദിരാഗാന്ധിയെ ന്യൂറം ബർഗ് മാതൃകയിലുള്ള വിചാരണക്കു വിധേയയാക്കാൻ ഇറങ്ങിത്തിരിച്ച ആഭ്യന്തരമന്ത്രി ചരൺ സിംഗിന്റെ നീക്കങ്ങളിൽ പ്രതിഷേധിച്ച് ഒരിക്കൽ ജസ്റ്റിസ് ഷാ രാജി വെച്ചുപോവുക പോലുമുണ്ടായി. പിന്നെ എല്ലാം എന്ന പോലെ അതും ആളുകൾ മറന്നു. ഓർമ്മയിൽ മുഴുകുന്നവർ ഇടക്കിടെ അതൊക്കെ പരതിനോക്കി രസിച്ചു.
അപ്പോൾ എന്താണീ അന്വേഷണം? എന്തിനാണീ അന്വേഷണം? കണ്ടെത്താനാവണമെന്നില്ല. ശിക്ഷിക്കാൻ പലപ്പോഴും പറ്റിയെന്നുവരില്ല. ആയിരം കുറ്റവാളികൾ കടന്നു കളഞ്ഞാലും ഒരു നിർദ്ദോഷി ശിക്ഷിക്കപ്പെടരുതെന്ന് അനുശാസിക്കുന്ന ന്യായമുറയിൽ അതങ്ങനെയേ ആവൂ, ആകാവൂ. സരിതാ കമ്മീഷന്റെ അന്വേഷണത്തിൽ തെളിഞ്ഞതും ഇനി തെളിയിക്കാനിരിക്കുന്നതുമായ കുറ്റങ്ങളിൽ വിചാരണയോ ശിക്ഷയോ ഉണ്ടാകാൻ സാധ്യത വലുതല്ല. അങ്ങനെ പിഴയും തടവും ഉൾപ്പെടുന്ന ശിക്ഷ തന്നെ വേണമെന്നില്ലല്ലോ. അതിനിടെ ആരോപണവിധേയർ അനുഭവിക്കുന്ന വ്യഥയും മാനഹാനിയും നിസ്സാര ശിക്ഷയല്ല. തല മൂടിയിടാൻ മുണ്ട് ഇനിയും നെയ്‌തെടുക്കേണ്ടിവരും. എത്ര കൊല്ലം അങ്ങനെ പിന്നിടുമെന്ന് ആരു കണ്ടു? അതു നീളം തോറും നമുക്ക് രസം. ആ രസമാണല്ലോ അന്വേഷണത്തിന്റെ ആദ്യാവസാനഫലം. പണ്ടാരോ പറഞ്ഞില്ലേ, എത്തിച്ചേരേണ്ട, യാത്ര ചെയ്താൽ മതി. അതുപോലെ, അന്വേഷിച്ചാൽ മതി, കണ്ടെത്തണമെന്നുപോലുമില്ല.