ന്യൂദല്‍ഹി- കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ റിപബ്ലിക് ദിത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ദല്‍ഹിയിലേക്കുള്ള ട്രാക്ടര്‍ മാര്‍ച്ച് തടയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. വിവാദ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ജനുവരി 26ന് കൂറ്റന്‍ ട്രാക്ടര്‍ റാലി നടത്താനാണ് കര്‍ഷക പ്രക്ഷോഭകരുടെ പദ്ധതി. ഹരിയാനയില്‍ നിന്നുള്ള കര്‍ഷകരും ഓരോ ഗ്രാമത്തില്‍ നിന്നും ഒരു ട്രാക്ടറുമായി റാലിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
റിപബ്ലിക് ദിനത്തിന്റെ ചരിത്രപരവും ഭരണഘടനാപരവുമായ പ്രാധാന്യവും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവിധ പരിപാടികളും ചൂണ്ടിക്കാട്ടിയാണ് ട്രാക്ടര്‍ റാലി തടയണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരി 28ന് നടക്കുന്ന എന്‍സിസി റാലി, 29ന് നടക്കുന്ന ബീറ്റിങ് ദി റിട്രീറ്റ്, 30ലെ രക്തസാക്ഷി ദിനം തുടങ്ങിയ പരിപാടികള്‍ക്ക് ഭംഗം വന്നാല്‍ അത് രാജ്യത്തിന് വലിയ നാണക്കേടാകുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.