അഹമ്മദാബാദ്- ദ വയർ വെബ്‌സൈറ്റിനെതിരെ നൽകിയ മാനനഷ്്ടകേസിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാ കോടതിയിൽ ഹാജരായില്ല. സാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായി മറ്റൊരു സ്ഥലത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് ജയ്ഷാ ഹാജരാകാതിരുന്നത്. ജയ്ഷാ നൽകിയ പരാതിയിലെ മറുപക്ഷത്തുള്ള ദ വയർ ഓൺലൈനിലെ സിദ്ധാർത്ഥ് വരദരാജൻ അടക്കമുള്ളവർ അഹമ്മദാബാദ് കോടതിയിൽ രാവിലെ തന്നെ എത്തിയിരുന്നു. എന്നാൽ ജയ്ഷാ ഹാജരായില്ല. ഇതേതുടർന്ന് കേസ് അടുത്ത മാസം പതിനാറിലേക്ക് മാറ്റി. സാമൂഹ്യപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ജോലിയുള്ളതിനാൽ ജയ്ഷാക്ക് ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
മോഡി സക്കാർ അധികാരത്തിലെത്തിയ ശേഷം ജയ്ഷായുടൈ കമ്പനി പതിനാറായിരം ഇരട്ടി വരുമാന വർധനവ് നേടിയെന്ന് ഇക്കഴിഞ്ഞ ഒക്ടോബറിൽ വയർ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെയാണ് ജയ്ഷാ അപകീർത്തി കേസ് ഫയൽ ചെയ്തത്. ഇതിന്റെ ആദ്യത്തെ ഹിയറിംഗാണ് ഇന്ന് നടക്കേണ്ടിയിരുന്നത്.
ലേഖനം എഴുതിയ രോഹിണി സിംഗ്, സ്ഥാപക എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജൻ, സിദ്ധാർത്ഥ് ഭാട്ടിയ, എം.കെ വേണു, മാനേജിംഗ് എഡിറ്റർ മോണോബിന ഗുപ്ത, പബ്ലിക് എഡിറ്റർ പമേല ഫിലിപ്പോസ് എന്നിവരാണ് കേസിലെ എതിർകക്ഷികൾ.