അൽവാർ (രാജസ്ഥാൻ) - ഗോരക്ഷയുടെ പേരിലടക്കം നടക്കുന്ന കൊലപാതകങ്ങൾ തടയാനാകില്ലെന്ന സൂചനയുമായി രാജസ്ഥാൻ ആഭ്യന്തരമന്ത്രി. കുറ്റകൃത്യങ്ങൾ തടയാൻ ആവശ്യമായ പോലീസ് സേനയില്ലെന്ന് രാജസ്ഥാൻ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് ഖട്ടാറിയ പറഞ്ഞു. സംസ്ഥാനത്ത് ഓരോ നിമിഷവും നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പോലീസ് സേന അടക്കമുള്ളവ കൈവശമില്ലെന്ന് ആവർത്തിച്ച മന്ത്രി കുറ്റവാളി ഹിന്ദുവാണോ, മുസ്്‌ലിമാണോ എന്ന് നോക്കുന്നില്ലെന്നും വ്യക്തമാക്കി.
രാജസ്ഥാൻ-ഹരിയാന അതിർത്തിയിൽ പശുക്കളുമായി പോകുകയായിരുന്ന ഉമർഖാൻ(42) എ്ന്നയാളെ ഗോസംരക്ഷകർ വെടിവെച്ചു കൊല്ലുകയായിരുന്നു. ഹരിയാനയിലെ മേവാതിൽനിന്ന് രാജസ്ഥാനിലെ ഭരത്പൂരിലേക്ക് പശുക്കളുമായി പോകുകയായിരുന്നു ഉമർ ഖാൻ. ഉമറിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേർ അക്രമികളുടെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.
പോലീസുകാർ സ്ഥലത്ത് ഉണ്ടായിരുന്നിട്ടും അക്രമികളെ തടയാനോ പിടികൂടാനോ ശ്രമിച്ചില്ലെന്ന് മേവാതിലെ ജനങ്ങൾ പറഞ്ഞു. അക്രമം തടയാൻ പോലീസ് ഒന്നും ചെയ്തില്ല. പോലീസ് പ്രതികൾക്ക് അനുകൂലമായ നിലപാടിലാണ്. അൻപത് ലക്ഷം രൂപ നഷ്്ടപരിഹാരം നൽകാതെ ഉമർഖാന്റെ മൃതദേഹം സ്വീകരിക്കില്ലെന്ന നിലപാടിലാണ് കുടുംബം.
വെള്ളിയാഴ്ചയാണ് ഉമറിന്റെ മൃതദേഹം കണ്ടെടുത്ത് മോർച്ചറിയിൽ കൊണ്ടുവന്നത്. എന്നാൽ ഇദ്ദേഹത്തെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഇന്നലെയാണ് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന താഹിർ ഖാൻ എന്ന 42 കാരൻ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇയാൾക്ക് തോളിൽ വെടിയേറ്റാണ് പരിക്ക്. 28 കാരനായ ജാവേദ് ഖാൻ എന്നയാളും ഒപ്പമുണ്ടായിരുന്നെങ്കിലും ഇതുവരെ കണ്ടുകിട്ടിയില്ല. പത്താം തീയതി റെയിൽവേ ട്രാക്കിന് സമീപം ഒരു ട്രക്ക് പോലീസ് കണ്ടെടുത്തിരുന്നു. ഇതിൽ ആറ് പശുക്കളുണ്ടായിരുന്നു. ഒരെണ്ണം ചത്തു. ട്രക്കിന്റെ ടയറുകൾ അഴിച്ചുമാറ്റിയിരുന്നു. മൃഗങ്ങളെ കടത്തുന്നത് തടയുന്നതുമായി ബന്ധപ്പെട്ട നിയമപ്രകാരം പോലീസ് ട്രക്ക് ഉടമക്കെതിരെ കേസെടുത്തു. നേരത്തെ രാജസ്ഥാനിൽ പശുക്കളെയുമായി പോകുകയായിരുന്ന പെഹ്്‌ലുഖാനെ അക്രമികൾ അടിച്ചുകൊന്നിരുന്നു. ഇത് ലോക വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.