Sorry, you need to enable JavaScript to visit this website.

പ്രവാസി പുനരധിവാസത്തിന് സർക്കാർ പദ്ധതികൾ  വർധിപ്പിക്കണം -എം.കെ. രാഘവൻ എം.പി

പീപ്പിൾസ് ഫൗേണ്ടഷൻ ആവിഷ്‌കരിച്ച തണലൊരുക്കാം, ആശ്വാസമേകാം പദ്ധതിയുടെ കോഴിക്കോട് ജില്ലാതല വിതരണോദ്ഘാടന പരിപാടിയുടെ ഉദ്ഘാടനം എം.കെ. രാഘവൻ എം.പി. നിർവഹിക്കുന്നു.

കൊടുവള്ളി- പ്രവാസി പുനരധിവാസത്തിന് സർക്കാർ പദ്ധതികൾ വർധിപ്പിക്കണമെന്ന് എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു. കോവിഡ് 19 ബാധിച്ച് മരണപ്പെട്ട പ്രവാസി മലയാളികളുടെ നിർധന കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് പീപ്പിൾസ് ഫൗേഷൻ ആവിഷ്‌കരിച്ച 'തണലൊരുക്കാം, ആശ്വാസമേകാം' പദ്ധതിയുടെ കോഴിക്കോട് ജില്ലാതല വിതരണോദ്ഘാടന പരിപാടിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഉദാത്ത മാതൃക കാണിക്കുന്ന പീപ്പിൾസ് ഫൗേഷന്റെ വിവിധ സേവനങ്ങൾ പ്രശംസനീയമാണ്. കോവിഡിന്റെ പ്രതിസന്ധി കാലത്തും വലിയ ദൗത്യങ്ങളാണ് പീപ്പിൾസ് ഫൗേഷൻ നിർവഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തോടുള്ള സാമാന്യ മര്യാദ പ്രകടിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ  പീപ്പിൾ ഫൗേഷൻ ചെയ്യുന്നതെന്ന് ചെയർമാൻ എം.കെ മുഹമ്മദലി പറഞ്ഞു-പദ്ധതി വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  സാമൂഹ്യ പ്രവർത്തന രംഗത്ത് നിറ സാന്നിധ്യമായ പ്രവാസികൾ പ്രതിസന്ധി നേരിടുമ്പോൾ അവർക്കാശ്വാസമാവാൻ സർക്കാർ മുന്നോട്ടു വരണം. സർക്കാർ മുന്നിട്ടിറങ്ങിയാലേ പ്രവാസി കളുടെ പ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കാൻ കഴിയുകയുള്ളൂ. സമൂഹ നിർമാണത്തിൽ ക്രിയാത്മകമായ പങ്ക് വഹിക്കാൻ പീപ്പിൾസ് ഫൗേഷൻ വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹായ പദ്ധതി കൊടുവള്ളി നഗരസഭാ ചെയർമാൻ അബ്ദു വെള്ളറ ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്‌ലാമി മേഖലാ നാസിം വി.പി. ബഷീർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

വീട് നിർമാണം, നിർമാണത്തിലിരിക്കുന്ന വീടുകളുടെ പൂർത്തീകരണം, ബാങ്ക് വായ്പ തീർപ്പാക്കൽ, വിദ്യാഭ്യാസം, സ്വയം തൊഴിൽ എന്നീ ആവശ്യങ്ങൾക്കാണ് ധനസഹായം അനുവദിച്ചിട്ടുള്ളത്. മൂന്നു കുടുംബങ്ങൾക്ക് ഒരു വർഷത്തേക്ക് പെൻഷന്നും നൽകുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ 63 കുടുംബങ്ങൾക്ക് 2.36  കോടി രൂപയുടെ സഹായമാണ് പദ്ധതി പ്രകാരം നൽകുന്നത്. 

നഗരസഭാ കൗൺസിലർമാരായ എളങ്ങോട്ടിൽ ഹസീന, കെ. ശിവദാസൻ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി, ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രസിഡന്റ് സിദ്ദീഖ്, പ്രവാസി കോൺഗ്രസ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ടി. ശാക്കിർ സ്വാഗതവും പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ ആർ.കെ. അബ്ദുൽ മജീദ് സമാപനം നടത്തി. കെ. അബ്ദുല്ല നന്ദി പറഞ്ഞു.


 

Latest News