വാഷിംഗ്ടണ്‍- നിയുക്ത അമേരിക്കന്‍ വൈസ്പ്രസിഡന്റ് കമലാ ഹാരിസിനെ മുഖചിത്രമാക്കി പുറത്തിറങ്ങിയ വോഗിന്റെ പുതിയ ലക്കം വിവാദത്തില്‍. ഇരുണ്ട നിറമുള്ള കമലയെ കൂടുതല്‍ വെളുപ്പിച്ചെന്നും വളരെ അനൗപചാരികമായ ഒരു പശ്ചാത്തലത്തില്‍ അവരെ അവതരിപ്പിച്ചുവെന്നുമാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ വോഗ് നേരിടുന്ന വിമര്‍ശനം. സത്യപ്രതിജ്ഞക്ക് മുന്നോടിയായി കമലയുടെ രണ്ട് ചിത്രങ്ങളാണ് വോഗ് സമൂഹ മാധ്യങ്ങളിലൂടെ പുറത്തുവിട്ടത്. ഒരു ചിത്രത്തില്‍ കറുത്ത നിറമുള്ള സ്യൂട്ടിലും, കോണ്‍വേര്‍സ് ഷൂവിലും മറ്റൊന്നില്‍ ഇളം നീല വസ്ത്രത്തിലും സ്വതസിദ്ധമായ പുഞ്ചിരിയോടെയാണ് കമല പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുണ്ട വംശജയായിത്തന്നെയാണ് കമലയെ ജനങ്ങള്‍ സ്വീകരിച്ചതെന്നും അവരെ കൂടുതല്‍ വെളുപ്പിക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്നുമാണ് വോഗിനെതിരെ നെറ്റിസണ്‍ പ്രതിഷേധങ്ങളില്‍ രേഖപ്പെടുത്തിയത്. തനിക്കിഷ്ടപ്പെട്ട പ്രാതല്‍ ഇഡ്‌ലിയാണെന്നൊക്കെ പറഞ്ഞ് ഇന്ത്യന്‍ പാരമ്പര്യത്തില്‍ അഭിമാനം കൊണ്ട കമലയെ വെളുപ്പിച്ച മാഗസിന്‍ ഏതായാലും പുലിവാല് പിടിച്ചു.