റിയാദ് - ലോകത്തിനുള്ള സൗദി അറേബ്യയുടെ പുതിയ വിസ്മയമാണ് ദി ലൈന്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി. പ്രകൃതിയുമായി പൂര്‍ണമായും താദാത്മ്യം പ്രാപിക്കുന്ന നിലയില്‍ പരിസ്ഥിതി മലിനീകരണവും ബഹളങ്ങളും പൂര്‍ണമായും ഇല്ലാതാക്കുകയും ശുദ്ധമായ ഊര്‍ജം അവലംബിക്കുകയും അതിനൂതന ഗതാഗത പോംവഴികള്‍ ആശ്രയിക്കുകയും ചെയ്യുന്ന നിലക്കാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. സൗദി അറേബ്യയുടെ മോഹ പദ്ധതിയായ നിയോം പദ്ധതിയുടെ പ്രധാന ഭാഗമാണ് ദി ലൈന്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി. 50,000 കോടി ഡോളര്‍ ചെലവഴിച്ചാണ് നിയോം സിറ്റി പദ്ധതി നടപ്പാക്കുന്നത്.
ഉത്തര സൗദിയില്‍ നിയോം സിറ്റി പദ്ധതി പ്രദേശത്തെ ദി ലൈന്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി സൗദി കിരീടാവകാശിയും നിയോം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഞായറാഴ്ച രാത്രി പ്രഖ്യാപിച്ചത്.
ഭാവിയില്‍ നഗര സമൂഹങ്ങള്‍ എങ്ങിനെയായിരിക്കാമെന്നതിന്റെ ഒരു മാതൃകയും, പ്രകൃതിക്കിണങ്ങി ജീവിക്കുന്നതിനുള്ള സന്തുലിതാവസ്ഥ കണ്ടെത്തുന്നതിനുള്ള രൂപരേഖയുമാണ് പുതിയ പദ്ധതി. 170 കിലോമീറ്റര്‍ നീളത്തില്‍ പരന്നുകിടക്കുന്ന ദി ലൈന്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ബഹളങ്ങളോ മലിനീകരണമോ ഇല്ലാത്ത അന്തരീക്ഷത്തില്‍ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സില്‍ പരസ്പരം ബന്ധിപ്പിച്ച സമൂഹങ്ങള്‍ ഉള്‍പ്പെടുന്നു. ഇവിടം വാഹനങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നും മുക്തമാകും.
ജീര്‍ണാവസ്ഥയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, പരിസ്ഥിതി മലിനീകരണം, നഗര, ജനസംഖ്യാ വ്യാപനം തുടങ്ങി മനുഷ്യരാശിയുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന നഗരവല്‍ക്കരണത്തിന്റെ വെല്ലുവിളികളോടുള്ള നേരിട്ടുള്ള പ്രതികരണം എന്നോണമാണ് ദി ലൈന്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നത്. വിഷന്‍ 2030 പദ്ധതി സാമ്പത്തിക വൈവിധ്യവല്‍ക്കരണ ലക്ഷ്യങ്ങള്‍ ദി ലൈന്‍ സിറ്റി സാക്ഷാല്‍ക്കരിക്കും. 2030 ഓടെ 3,80,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് 18,000 കോടി റിയാല്‍ സംഭാവന ചെയ്യും. ദി ലൈന്‍ സിറ്റി പദ്ധതിയില്‍ പത്തു ലക്ഷം നിവാസികളെയാണ് ലക്ഷ്യമിടുന്നത്.
യുഗാന്തരങ്ങളില്‍ ഇടുങ്ങിയ സ്ഥലങ്ങളില്‍ ആളുകളെ സംരക്ഷിക്കാനാണ് നഗരങ്ങള്‍ നിര്‍മിച്ചതെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. വ്യാവസായിക വിപ്ലവത്തിനു ശേഷം യന്ത്രവും കാറും ഫാക്ടറിയും നിര്‍മിക്കുന്നതിന് ഊന്നല്‍ നല്‍കി നഗരങ്ങള്‍ സ്ഥാപിച്ചു. ഗതാഗതത്തിനു വേണ്ടി ആളുകള്‍ തങ്ങളുടെ ജീവിതത്തിന്റെ വര്‍ഷങ്ങള്‍ ചെലവഴിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളാണ് നഗരങ്ങള്‍ എന്ന് അവകാശപ്പെടുന്നു. 2050 ഓടെ നഗരങ്ങളില്‍ ആളുകള്‍ യാത്രകള്‍ക്കു വേണ്ടി ചെലവഴിക്കുന്ന സമയം ഇരട്ടിയായി ഉയരും. ഉയര്‍ന്ന കാര്‍ബണ്‍ ബഹിര്‍ഗമനം, സമുദ്ര നിരപ്പ് ഉയരല്‍ എന്നിവ കാരണം വിദൂര ഭാവിയിലല്ലാത്ത കാലത്ത് 100 കോടി ജനങ്ങള്‍ ഭവനരഹിതരാക്കപ്പെടും.
വികസനത്തിനു വേണ്ടി നാം എന്തിന് പ്രകൃതിയെ ബലികഴിക്കണം. പരിസ്ഥിതി മലിനീകരണം മൂലം പ്രതിവര്‍ഷം 70 ലക്ഷത്തോളം ആളുകള്‍ മരണപ്പെടുന്നു. വാഹന അപകടങ്ങളില്‍ പ്രതിവര്‍ഷം പത്തു ലക്ഷത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു. യാത്രകള്‍ക്കു വേണ്ടി എന്തിന് മനുഷ്യ ജീവിതത്തിലെ വര്‍ഷങ്ങള്‍ പാഴാക്കപ്പെടണം. 170 കിലോമീറ്റര്‍ നീളത്തില്‍ പരന്നുകിടക്കുന്ന ദി ലൈന്‍ സിറ്റി നിയോം പദ്ധതി പ്രദേശത്തെ 95 ശതമാനം പ്രകൃതിയും സംരക്ഷിക്കും. ഇവിടെ കാറുകളും റോഡുകളും കാര്‍ബണ്‍ ബഹിര്‍ഗമനവും പൂജ്യമായിരിക്കും.
സമൂഹങ്ങളുടെ വികസനത്തിലൂടെ നഗരവികസനം എന്ന ആശയം ദി ലൈന്‍ സ്മാര്‍ട്ട് സിറ്റി പുനര്‍നിര്‍വചിക്കും. ഇവിടെ മനുഷ്യനാണ് ഏറ്റവും വലിയ ശ്രദ്ധ നല്‍കുക. ഇത് ജീവിത ഗുണമേന്മ മെച്ചപ്പെടുത്തും. പദ്ധതി പ്രദേശത്തെ നിവാസികള്‍ക്ക് മെഡിക്കല്‍ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, വിനോദ സൗകര്യങ്ങള്‍, ഹരിത ഇടങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളിലേക്കും അഞ്ചു മിനിറ്റു കൊണ്ട് കാല്‍നടയായി എത്തിച്ചേരാന്‍ സാധിക്കും.
അതിവേഗ ഗതാഗത പരിഹാരങ്ങള്‍ യാത്ര എളുപ്പമാക്കും. ദി ലൈന്‍ സിറ്റിയിലെ ഏറ്റവും ദൂരം കൂടിയ യാത്രക്ക് 20 മിനിറ്റ് മാത്രമേ എടുക്കൂ എന്നാണ് പ്രതീക്ഷിക്കുന്നത്. പുതുമകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ബിസിനസ് അന്തരീക്ഷവും ജീവനക്കാരുടെ അസാധാരണ ജീവിത നിലവാരവും തമ്മിലുള്ള സന്തുലിതാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ഒരു ജീവിതം ദി ലൈന്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി നല്‍കും. അഭൂതപൂര്‍വമായ കഴിവുകളെ മുന്‍കൂട്ടി അറിയാനും അവയുമായി സംവദിക്കാനും പ്രാപ്തരാക്കുന്ന തരത്തില്‍, മനുഷ്യരുമായി ആശയവിനിമം നടത്തുന്നതിനുള്ള പ്രക്രിയ സുഗമമാക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളെ അവലംബിച്ച് ദി ലൈന്‍ സിറ്റി സമൂഹങ്ങളെ പൂര്‍ണമായും നിയന്ത്രിക്കും. ഇത് താമസക്കാരുടെയും കമ്പനികളുടെയും സമയം ലാഭിക്കാന്‍ സഹായിക്കും.
ദി ലൈന്‍ സിറ്റിയിലെ സമൂഹങ്ങള്‍ പരസ്പര ബന്ധിതമായിരിക്കും. പശ്ചാത്തല വികസന ശേഷികള്‍ വര്‍ധിപ്പിക്കുന്നതിന് 90 ശതമാനം ഡാറ്റകള്‍ പദ്ധതി പ്രദേശത്ത് പ്രയോജനപ്പെടുത്തും. നിലവിലെ സ്മാര്‍ട്ട് സിറ്റികളില്‍ ഒരു ശതമാനം ഡാറ്റകളാണ് പ്രയോജനപ്പെടുത്തുന്നത്. ഭൂമിയിലെ ജീവിതത്തിന് ദി ലൈന്‍ സിറ്റി പുതിയ അര്‍ഥം നല്‍കും. ഒപ്പം പ്രകൃതിയുമായി പൊരുത്തപ്പെടുന്ന ഭാവി നഗരങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സമാനതകളില്ലാത്ത സമീപനത്തെയും പദ്ധതി പ്രതിഫലിപ്പിക്കുന്നു. 100 ശതമാനം ശുദ്ധമായ ഊര്‍ജത്തെ ലൈന്‍ സിറ്റി പദ്ധതി ആശ്രയിക്കും.
ഭാവി സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്, മാനവികതയുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന നഗരവല്‍ക്കരണത്തിന്റെ വെല്ലുവിളികള്‍ക്ക് ഫലപ്രദമായ പരിഹാരങ്ങള്‍ നല്‍കുന്നതിന് ലോകമെമ്പാടുമുള്ള വിദഗ്ധരുമായി നിയോം സിറ്റി സഹകരിക്കും. സൃഷ്ടിവൈഭവമുള്ളവര്‍ക്കും സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ആകര്‍ഷകമായ അന്തരീക്ഷമായിരിക്കും ദി ലൈന്‍ സിറ്റിയില്‍ എന്നും കിരീടാവകാശി പറഞ്ഞു. ദി ലൈന്‍ സിറ്റി പദ്ധതി നിര്‍മാണ ജോലികള്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ ആരംഭിക്കും. നിയോം സിറ്റിയില്‍ നടക്കുന്ന നിര്‍മാണ ജോലികളുടെ പ്രധാന ഭാഗമായിരിക്കും ഇത്. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ വൈവിധ്യമാര്‍ന്ന നിക്ഷേപ പോര്‍ട്ട്‌ഫോളിയോയിലെ മെഗാപ്രൊജക്ടുകളില്‍ ഒന്നാണ് നിയോം പദ്ധതി.