ന്യൂദല്‍ഹി- ഇത്തവണ കേന്ദ്ര ബജറ്റ് പേപ്പര്‍രഹിതമാകുന്നു. 2021 ബജറ്റ് അച്ചടിക്കേണ്ടതില്ലെന്ന് ധനമന്ത്രാലയം തീരുമാനിച്ചു. സ്വതന്ത്ര്യ ഇന്ത്യയില്‍ ആദ്യമായാണ് കടലാസില്‍ അച്ചടിക്കാതെ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്. കോവിഡാണ് കാരണം. രണ്ടാഴ്ചയോളം നിരവധി പേര്‍ പ്രസില്‍ ഒരുമിച്ച് കഴിയുന്ന വളരെ നീണ്ട പ്രക്രിയയാണ് ബജറ്റ് അച്ചടി. നോര്‍ത്ത് ബ്ലോക്കിലെ ബേസ്‌മെന്റില്‍ നൂറിലേറെ പേര്‍ ബജറ്റ് അവതരിപ്പിക്കുന്നതുവരെ കഴിയുന്ന രീതി ഈ വര്‍ഷം ഉണ്ടാവില്ല.
അച്ചടി വേണ്ടെന്ന് തീരുമാനിച്ചതോടെ ബജറ്റ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട ചില പരമ്പരാഗത ആചാരങ്ങളും ഉണ്ടാകില്ല. ബജറ്റ് അച്ചടി ആരംഭിക്കുന്നതിനു മുമ്പുള്ള ഹല്‍വ വിതരണവും ഉണ്ടാകില്ല. അവതരിപ്പിക്കാനുള്ള ബജറ്റ് മന്ത്രി സൂക്ഷിക്കുന്ന തുണിസഞ്ചിയും കാണില്ല. സാധാരണ സ്യൂട്ട് കേയ്‌സിലാണ് അച്ചടിച്ച കടലാസ് മന്ത്രിയുടെ കൈവശം ഉണ്ടാകാറ്. ഈ രീതി കഴിഞ്ഞ തവണ മന്ത്രി നിര്‍മല സീതാരാമന്‍ മാറ്റുകയും പകരം പരമ്പരാഗത തുണി സഞ്ചി ഉപയോഗിക്കുകയും ചെയ്തിരുന്നു.