ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ചിക്കന്‍ ബിരിയാണി കഴിച്ച് പക്ഷിപ്പനി പരത്തുകയാണെന്ന് ബി.ജെ.പി നേതാവ്.
രാജസ്ഥാനിലെ രാംഗഡില്‍ നിന്നുള്ള എം.എല്‍.എ മദന്‍ ദിലാവര്‍ ആണ് വിവാദ പ്രസ്താവന നടത്തിയത്. സമരക്കാര്‍ ബിരിയാണി കഴിക്കാന്‍ തുടങ്ങിയത് മുതലാണ് രാജ്യത്ത് പക്ഷിപ്പനി പടര്‍ന്നതെന്നാണ് ബി.ജെ.പി എംഎല്‍എയുടെ ആരോപണം.
കര്‍ഷര്‍ രാജ്യത്തെയോ ജനങ്ങളെയോ കുറിച്ച് ചിന്തിക്കാതെ പിക്‌നിക് നടത്തുകയാണ്. അവര്‍ ബിരിയാണിയും കശുവണ്ടിയും ബദാമും കഴിക്കുന്നു. അവര്‍ എല്ലാ തരത്തിലും ആസ്വദിച്ചു കഴിയുകയാണ്. സമരം നടത്തുന്നവര്‍ക്കിടയില്‍ ഭീകരരും കള്ളന്‍മാരും പിടിച്ചുപറിക്കാരുമുണ്ട്. അവര്‍ കര്‍ഷകരുടെ ശത്രുക്കളാണെന്നുമാണ് ഒരു വീഡിയോയില്‍ ദിലാവര്‍ പറയുന്നത്.
സമരം ചെയ്യുന്ന കര്‍ഷകരെ ബലം പ്രയോഗിച്ചോ മറ്റോ നീക്കം ചെയ്തില്ലെങ്കില്‍ രാജ്യം പക്ഷിപ്പനിയുടെ പിടിയില്‍ അമരുമെന്നും ദിലാവര്‍ പറയുന്നു.