Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാരുടെ വിദേശത്തെ രഹസ്യ സമ്പാദ്യം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ യൂണിറ്റ് രൂപീകരിച്ചു

ന്യൂദല്‍ഹി- ഇന്ത്യക്കാരുടെ വിദേശ രാജ്യങ്ങളിലെ രഹസ്യ സമ്പാദ്യങ്ങള്‍ അന്വേഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതി വകുപ്പിനു കീഴില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു. രാജ്യവ്യാപകമായി അന്വേഷണം നടത്തുന്ന ആദായ നികുതി വകുപ്പിന്റെ അന്വേഷണ സംഘത്തിന്റെ ഭാഗമായിരിക്കും ഫോറിന്‍ അസറ്റ് ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഈ സംഘങ്ങളും. വിദേശങ്ങളില്‍ ഇന്ത്യക്കാര്‍ പൂഴ്ത്തിവെക്കുന്ന കള്ളപ്പണവും സമ്പാദ്യങ്ങളും കണ്ടെത്തുകയാണ് ലക്ഷ്യം. പുതിയ യൂണിറ്റുകള്‍ രൂപീകരിക്കുന്നതിന് നികുതി വകുപ്പിലെ 69 പോസ്റ്റുകള്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് നേരത്തെ പുനര്‍വിന്യസിച്ചിരുന്നു. ആദായ നികുതി വകുപ്പിന്റെ നയതീരുമാനങ്ങളെടുക്കുന്നത് ഈ ബോര്‍ഡാണ്.

ആദായ നികുതി വകുപ്പിനു കീഴിലുള്ള വിവിധ അന്വേഷണ ഡയറക്ടറേറ്റുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക വിഭാഗമായിരിക്കും പുതുതായി സൃഷ്ടിച്ച ഫോറിന്‍ അസറ്റ് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റുകള്‍. 

വിവിധ വിദേശ രാജ്യങ്ങളുമായി പുതിയ കരാര്‍ ഉണ്ടാക്കുകയും പഴയ കരാര്‍ ചര്‍ച്ചകളിലൂടെ പുതുക്കുകയും ചെയ്ത ശേഷം ധാരാളം വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ യൂണിറ്റ് രൂപീകരിച്ച് വിദേശങ്ങളിലെ ഇന്ത്യക്കാരുടെ രഹസ്യ സമ്പാദ്യത്തിലേക്ക് അന്വേഷണം ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. രാജ്യങ്ങള്‍ പരസ്പരം നികുതി വിവരങ്ങള്‍ സ്വമേധയാ കൈമാറുന്ന ആഗോള സംവിധാനത്തിന്റെ ഭാഗമാണിപ്പോള്‍ ഇന്ത്യ. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണൊമിക് കോഓപറേഷന്‍ ആന്റ് ഡെവലപ്‌മെന്റ് രൂപംനല്‍കിയ രാജ്യാന്തര പ്രോട്ടോകോളുകള്‍ കൂടുതല്‍ രാജ്യങ്ങള്‍ സ്വീകരിച്ചു വരുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പണം നല്‍കല്‍, നികുതി വെട്ടിപ്പ് എന്നിവ തടയുന്നതിനാണ് ഈ ശ്രമങ്ങള്‍. ഇതുവഴിയാണ് വന്‍തോതില്‍ നികുതി വിവരങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതു വിശകലനം ചെയ്ത് അനധികൃത സമ്പ്ാദ്യം കണ്ടെത്താനാണ് സര്‍ക്കാര്‍ നീക്കം.

Latest News