കാലാപാനി മേഖല ഇന്ത്യയില്‍ നിന്ന് ചര്‍ച്ചയിലൂടെ തിരിച്ചുപിടിക്കുമെന്ന് നേപാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു- കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങള്‍ ഇന്ത്യയില്‍ നിന്ന് നയതന്ത്ര ചര്‍ച്ചയിലൂടെ തിരിച്ചുപിടിക്കുമെന്ന് നേപാള്‍ പ്രധാനമനന്ത്രി കെ.പി ശര്‍മ ഒലി പറഞ്ഞു. പാര്‍ലമെന്റിലെ ജനപ്രതിനിധി സഭ പിരിച്ചു വിട്ട് കൂടുതല്‍ അധികാരം നിയന്ത്രിക്കാന്‍ ശ്രമം നടത്തുന്ന അദ്ദേഹം പാര്‍ലമെന്റിലെ ഉപരിസഭയായ നാഷണല്‍ അസംബ്ലിയില്‍ പ്രസംഗിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. സുഗോളി ഉടമ്പടി പ്രകാരം കാലാപാനിയടക്കമുള്ള മഹാകാളി നദിയുടെ കിഴക്ക് സ്ഥിതിചെയ്യുന്ന മേഖല നേപാളിന്റേതാണ്. അവ നയതന്ത്ര ചര്‍ച്ചകളിലൂടെ തിരിച്ചുപിടിക്കും- അദ്ദേഹം പറഞ്ഞതായി റിപബ്ലിക വാര്‍ത്താ പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്യുന്നു. 

1962ലെ ഇന്ത്യാ-ചൈനാ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ഈ മേഖലയില്‍ നിലയുറപ്പിച്ച ശേഷം നേപാളി ഭരണാധികാരികള്‍ ഈ മേഖലകള്‍ തിരിച്ചുപിടിക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി ശര്‍മ ഒലി പറഞ്ഞു. കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മാസങ്ങള്‍ക്കു മുമ്പ് പ്രധാനമന്ത്രി നേപാളിന്റെ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു. ചൈനയുടമായി അതിര്‍ത്തി പങ്കിടുന്ന തന്ത്ര പ്രധാനമായ ഈ മേഖലയില്‍ ഇന്ത്യ ഒരു പുതിയ റോഡ് നിര്‍മിച്ചതിനു പിന്നാലെയാണ് നേപാള്‍ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്. ഇന്ത്യ-നേപാള്‍ ബന്ധം വഷളായി തുടരുന്നതിനിടെയാണ് വീണ്ടും ഒലിയുടെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്. ഇതിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
 

Latest News