ന്യൂദല്‍ഹി-പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങള്‍ വില്‍പന നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. സിബിഐ ആണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും വില്‍ക്കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. എന്‍ജിനീയറായ നീരജ് കുമാര്‍ യാദവ്, കുല്‍ജീത് സിങ് മക്കാന്‍ എന്നിവരെയാണ് സിബിഐയുടെ പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ കോടതി ജനുവരി 22 വരെ റിമാന്‍ഡ് ചെയ്തു. വാട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകള്‍ വഴിയാണ് ഇവര്‍ ദൃശ്യങ്ങള്‍ക്ക് ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. കുട്ടികളുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും വില്‍പന നടത്തുകയും ചെയ്തതായി സിബിഐ കണ്ടെത്തിയിരുന്നു. പേടിഎം, ഗൂഗിള്‍ പേ തുടങ്ങിയവയിലൂടെയായിരുന്നു പണമിടപാട് നടത്തിയിരുന്നത്. വില്‍പന നടത്താനുള്ള ഉള്ളടക്കങ്ങള്‍ ഇവര്‍ ഇസ്റ്റഗ്രാമിലൂടെ പരസ്യം ചെയ്യുകയും ചെയ്തിരുന്നു.