ജക്കാര്‍ത്ത- ഇന്തൊനേഷ്യയില്‍ 62 യാത്രക്കാരുമായി കടലില്‍ തകര്‍ന്നു വീണ് കാണാതായ വിമാനത്തിന്റെ സിഗ്‌നലുകള്‍ ലഭിച്ചതായി തിരച്ചില്‍ സംഘം. കടലില്‍ ഈ പ്രദേശത്തു നടന്നു വരുന്ന പരിശോധനയില്‍ യാത്രക്കാരുടേതെന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങളും വസ്ത്രങ്ങളും മറ്റ് അവശിഷ്ടങ്ങളും മുങ്ങല്‍ വിദഗ്ധര്‍ പുറത്തെടുത്തു. മനുഷ്യ ശരീര ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന അഞ്ചു ബാഗുകളും കണ്ടെടുത്ത മറ്റു വസ്തുക്കളുമായണ് പുറത്തെത്തിച്ചതെന്ന് രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. ശ്രീവിജയ എയറിന്റെ ബോയിങ് 737-500 യാത്രാ വിമാനമാണ് ശനിയാഴ്ച വൈകീട്ട് ജക്കാര്‍ത്തയിലെ സൊകാര്‍ണോ ഹത്ത രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നാലു മിനിറ്റിനു ശേഷം ജാവാ കടലിലേക്കു കൂപ്പുകുത്തിയത്. ജലോപരിതലത്തില്‍ നിന്നും 23 മീറ്റര്‍ താഴ്ചയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. സൈനിക കപ്പലുകളുടെ ഒരു വ്യൂഹവും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തിരച്ചില്‍ നടന്നു വരുന്നത്. വിമാനത്തിലുണ്ടായിരുന്നവരില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് കരുതപ്പെടുന്നത്.
കുഞ്ഞുടുപ്പ്, പൊട്ടിയ ചക്രം, ലൈഫ് ജാക്കറ്റുകള്‍ എന്നിവയും കണ്ടെടുത്തവയില്‍പ്പെടും. 10 കുട്ടികള്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 62 പേരും ഇന്തൊനേഷ്യക്കാരാണ്. ബോര്‍ണിയോ ദ്വീപിലെ പോണ്ടിയാനാക്കിലേക്ക് പറന്നുയരുന്നതിനിടെയാണ് വിമാനം തകര്‍ന്നു വീണത്. ജാവാ കടലിനു മീതെ 90 മിനിറ്റ് യാത്രാ ദൈര്‍ഘ്യമുള്ള റൂട്ടാണിത്.