മനില- തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ സമ്മേളനത്തിലും പൂർവേഷ്യ സമ്മേളനത്തിലും പങ്കെടുക്കാൻ നരേന്ദ്ര മോഡിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉൾപ്പെടെയുള്ള ലോക നേതാക്കൾ ഫിലിപ്പൈൻസ് തലസ്ഥാനമായ മനിലയിലെത്തി. ഇന്നാണ് ആസിയാൻ സമ്മേളനം.
ഇരു സമ്മേളനങ്ങളിലും പങ്കെടുക്കുന്ന മോഡി മൂന്നു ദിവസം ഫിലിപ്പൈൻസിലുണ്ടാകും.
തിരക്കിട്ട പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
36 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഫിലിപ്പൈൻസിലെത്തുന്നത്. 1981 ൽ ഇന്ദിരാ ഗാന്ധിയാണ് ഫിലിപ്പൈൻസ് സന്ദർശിച്ച അവസാനത്തെ ഇന്ത്യൻ പ്രധാനമന്ത്രി.
ഞായറാഴ്ച രാവിലെയാണ് മോഡി ഫിലിപ്പൈൻസിലേക്കു യാത്ര തിരിച്ചത്. രാഷ്ട്ര നേതാക്കൾക്കായി സംഘടിപ്പിച്ച അത്താഴ വിരുന്നിൽ ഇന്നലെ മോഡിയും ട്രംപും ഹ്രസ്വമായ കൂടിക്കാഴ്ച നടത്തി. ആസിയാന്റെ സുവർണ ജൂബിലി പ്രമാണിച്ചായിരുന്നു അത്താഴ വിരുന്ന്. ഔദ്യോഗികമായി ഇരുനേതാക്കളും ഇന്ന് കൂടിക്കാഴ്ച നടത്തും. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ്, റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദേവ് എന്നിവരുമായും അത്താഴ വിരുന്നിനിടെ മോഡി കുശല പ്രശ്‌നം നടത്തി.
ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളും ദക്ഷിണ ചൈനാ കടലിലെ ചൈനീസ് ഇടപെടലുമുൾപ്പെടെ തെക്കുകിഴക്കൻ ഏഷ്യ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ചാണ് ആസിയാനിലെ പ്രധാന ചർച്ചകൾ. ഇന്ത്യ-ഏഷ്യൻ സംവാദ പങ്കാളിത്തത്തിന്റെ രജത ജൂബിലി വർഷം കൂടിയാണിത്. ആസിയാന്റെ സുവർണ ജൂബിലിയും.
ഉച്ചകോടിക്ക് മുന്നോടിയായി ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടേർട്ടുമായും മോഡി ചർച്ച നടത്തും. നിലവിൽ ആസിയാൻ യോഗത്തിന്റെ അധ്യക്ഷനാണ് ഡ്യൂടേർട്ട്. ഫിലിപ്പൈൻസിലെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ട്രംപിനെ കൂടാതെ റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദെവ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ തുടങ്ങിയവരും പൂർവേഷ്യ സമ്മേളനത്തിനുണ്ട്.