കോഴിക്കോട്- വിൽപനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്ന് ഇനത്തിൽപെട്ട എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി. നല്ലളം നിറംനിലം വയൽ മുഹിൻ സുഹാലിഹി (26) നെയാണ് വാഹന സഹിതം പിടികൂടിയത്. സിന്തറ്റിക് ഡ്രഗ്ഗായ ക്രിസ്റ്റൽ രൂപത്തിലുള്ള 4.530 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നു കണ്ടെടുത്തു.
കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നഗരത്തിൽ പ്രത്യേക സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. നാർകോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി ജില്ലാ ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും നല്ലളം പോലീസ് സബ് ഇൻസ്‌പെക്ടർ എ അഷ്‌റഫും ചേർന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസാവസാനം വിൽപനക്കായി കൊണ്ടുവന്ന അൻപത് കിലോ കഞ്ചാവുമായി യുവാവിനെ മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയിരുന്നു.
വളരെ ഗുരുതരമായ പാർശ്വഫലങ്ങൾക്ക് കാരണമാകുന്ന ലഹരിമരുന്നാണ് മെത്തലീൻ ഡയോക്‌സി മെത്താംഫീറ്റമിൻ എന്ന എം.ഡി.എം.എ. സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽ പെടുന്ന ലഹരിവസ്തുവാണിത്. നിശാ പാർട്ടികളിൽ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നതെന്നും നാർകോട്ടിക് സെൽ എ.സി.പി സുനിൽ കുമാർ പറഞ്ഞു. എം.ഡി.എം.എയുടെ മിതമായ ഡോസുകൾ വരെ ശരീര താപനിലയെ അമിതമായി വർധിപ്പിക്കുമെന്നും ഉയർന്ന രക്തസമ്മർദം, ക്ഷീണം, തലച്ചോറിന്റെ മാരകമായ വീക്കം, ഹൃദയത്തിന്റെ പമ്പിംഗ് കുറയൽ എന്നിവക്ക് ഇടയാക്കും.
കൂടുതൽ നേരം ലഹരി നിൽക്കുന്നതു കാരണം സംഗീത മേളകളിലും നൃത്തപരിപാടികളിലും ഈ ലഹരിമരുന്നു വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ബാംഗ്ലൂരിൽ നിന്നാണ് ഇയാൾ കോഴിക്കോട്ട് എത്തിച്ചതെന്നും നല്ലളം ഇൻസ്‌പെക്ടർ എം.കെ. സുരേഷ് കുമാർ പറഞ്ഞു.
നല്ലളം പോലീസ് സബ് ഇൻസ്‌പെക്ടർ എ അഷ്‌റഫ്, എം.കെ. സലിം, സീനിയർ സി.പി.ഒ ദീപ്തി ലാൽ, ഡ്രൈവർ സി.പി.ഒ അരുൺഘോഷ്, ഹോം ഗാർഡ് വിജയകൃഷ്ണൻ എന്നിവരെ കൂടാതെ ഫോഴ്‌സ് അംഗങ്ങളായ എം.മുഹമ്മദ് ഷാഫി, എം.സജി, കെ.അഖിലേഷ്, കെ.എ. ജോമോൻ, എം. ജിനേഷ് എന്നിവർ ഓപറേഷനിൽ പങ്കെടുത്തു. കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.