Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ യുവനേതാവിന് ജാമ്യം; എതിരാളികളെ ഭീകരവാദികളാക്കാനവില്ലെന്ന് മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍- ഭീകരരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്ത പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവ് വഹീദുറഹ്മാന് പരയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.

പുല്‍വാമയില്‍ നിന്നുള്ള ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) തെരഞ്ഞെടുപ്പില്‍ വിജയിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചതെങ്കിലും ശനിയാഴ്ച വൈകിട്ട് വരെ  വിട്ടയച്ചിട്ടില്ലെന്ന് പിഡിപി വൃത്തങ്ങള്‍ അറിയിച്ചു.

ഡിസംബറില്‍ നടന്ന ഡിഡിസി തെരഞ്ഞെടുപ്പിന് പുല്‍വാമയില്‍  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി വഹീദുറഹ്മാനെ അറസ്റ്റ് ചെയ്തത്.

ഭീകരരെ സഹായിച്ചതിന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ദവീന്ദര്‍ സിംഗിനെയും രണ്ട് തീവ്രവാദികളെയും മാര്‍ച്ചില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത കേസിലാണ് പി.ഡി.പി നേതാവിനേയും അറസ്റ്റ് ചെയ്തിരുന്നത്.

ചോദ്യം ചെയ്യലിനായി വഹീദിനെ ദല്‍ഹിയിലെ എന്‍.ഐ.എ ആസ്ഥാനത്തേക്ക് വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.


എതിരാളികളെ ഭീകര വാദികളാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പി.ഡി.പി ആരോപിച്ചിരുന്നു.

തെക്കന്‍ കശ്മീരിലെ പുല്‍വാമ പ്രദേശത്ത് സ്വാധീനമുള്ള യുവനേതാവായ വഹീദുറഹ്്മാന്‍ പര മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അടുത്ത സഹായിയാണ്.


മുന്‍ ജമ്മു കശ്മീരിലെ പിഡിപി-ബിജെപി സഖ്യ സര്‍ക്കാരിന്റെ ഭരണകാലത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു.

വ്യാജ കേസുകളുമായി ഭരണകക്ഷിയായ ബി.ജെ.പി വേട്ടയാടുകയാണെങ്കിലും വഹിദുറഹ്്മാന്‍ പരയുടെ വിജയം തന്റെ പാര്‍ട്ടിയില്‍ ആളുകളുടെ വിശ്വാസം വര്‍ധിപ്പിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു.

 

Latest News