ന്യൂദല്‍ഹി- കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാസങ്ങളായി ചൈനയില്‍ കുടുങ്ങിയ 39 ഇന്ത്യന്‍ നാവികര്‍ അടുത്തയാഴ്ച രാജ്യത്തേക്ക് മടങ്ങുമെന്ന് തുറമുഖ്, ഷിപ്പിംഗ് സഹമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
ചൈനീസ് സമുദ്രത്തില്‍ കുടുങ്ങിക്കിടക്കുന്ന രണ്ട് കപ്പലിലെ ജീവനക്കാര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ ഏതാനും ആഴ്ചകളായി ഇന്ത്യ ചൈനീസ് അധികൃതരോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവരികയാണ്.
എം.വി ജഗ് ആനന്ദ് കപ്പലില്‍ കുടുങ്ങിയ 23 ഇന്ത്യന്‍ ജോലിക്കാരും ജനുവരി 14 ന് ഇന്ത്യയില്‍ മടങ്ങിയെത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെടു കരുത്തുറ്റ നേതൃത്വം കൊണ്ടാണ് ഇത് സാധിച്ചതെന്നും മന്ത്രി ട്വീറ്റ് ചെയ്തു. രണ്ടാമത്തെ കപ്പലായ എം.വി അനാസ്റ്റാസിയയിലാണ് ബാക്കി ഇന്ത്യന്‍ നാവികരുള്ളത്. കോവിഡ് വ്യാപനം കാരണം ജീവനക്കാരെ മാറ്റുന്നതിനു പോലും നങ്കൂരമിടുന്നതിന് ചൈനീസ് അധികൃതര്‍ അനുവദിച്ചിരുന്നില്ല.