ന്യൂദല്‍ഹി- യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളിലേക്ക് അതിക്രമിച്ചു കയറി ട്രംപ് അനുകൂലികള്‍ നടത്തിയ അതിക്രമത്തിനിടെ ഇന്ത്യയുടെ ദേശീയ പതാക വീശിയതില്‍ അനാദരവ് ഇല്ലെന്ന് പതാകി വീശിയ മലയാളിയായ വിന്‍സന്റ സേവ്യര്‍. അമേരിക്ക വംശീയവാദ രാജ്യമല്ലെന്നും വൈവിധ്യത്തെ പുണരുന്ന നാടാണെന്നും തെളിയിക്കുക മാത്രമായിരുന്നു ഉദ്ദേശമെന്നും അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു. 'ഇതില്‍ ഒരു നാണക്കേടുമില്ല. ഞങ്ങളുടെ വൈവിധ്യം ആഘോഷിക്കുകയായിരുന്നു ഞങ്ങള്‍. അമേരിക്ക വംശീയ രാജ്യമല്ലെന്ന് ലോകം അറിയണം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെള്ളക്കാരായ വംശീയവാദികളുടെ പാര്‍ട്ടിയുമല്ല. അവര്‍ വംശീയവാദികളായിരുന്നെങ്കില്‍ ഇന്ത്യയുടെ പതാക പിടിക്കാന്‍ എന്നെ അനുവദിക്കുമായിരുന്നില്ല,' അദ്ദേഹം പറഞ്ഞു. റാലി ഗംഭീര പ്രകടനമായിരുന്നു. പാട്ടും ബാന്‍ഡും ദേശീയ ഗാനാലാപനവും എല്ലാമുണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ കാപിറ്റോളില്‍ അതിക്രമിച്ചു കയറിയത് അംഗീകരിക്കാനാവില്ലെന്നും അവര്‍ യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്കൊപ്പമുള്ളവരല്ലെന്നും സേവ്യര്‍ പറഞ്ഞു.
പ്രസിഡന്റ് ട്രംപിന്റെ അനുയായി ആയാണ് സേവ്യര്‍ സ്വയം പരിചയപ്പെടുത്തുന്നത്. വിര്‍ജീനിയക്കാരനായി സേവ്യരിന്റെ കുടുംബ വേരുകള്‍ കേരളത്തിലാണ്. പ്രസിഡന്റിന്റെ എക്‌സ്‌പോര്‍ട് കൗണ്‍സില്‍ അംഗമായിരുന്നു. ട്രംപിന്റെ റാലികള്‍ പലപ്പോഴും പങ്കെടുക്കാറുണ്ടെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനാണെന്നും സേവ്യര്‍ വ്യക്തമാക്കി. കാപിറ്റോളിലേക്ക് അതിക്രമിച്ചു കയറിയവര്‍ പ്രതിപക്ഷം പറഞ്ഞയച്ചവരും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രചാരണത്തെ അനുകൂലിക്കുന്നവരുമാണെന്നും സേവ്യര്‍ ആരോപിച്ചു.
ഇന്ത്യയെ സ്‌നേഹിക്കുന്നു. ഇന്ത്യന്‍ അമേരിക്കന്‍ കുടുംബവേരില്‍ അഭിമാനമുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിടെ ഇന്ത്യന്‍ അമേരിക്കക്കാരുടെ വക്താവാകുക എന്നതു മാത്രമാണ് ഉത്തരവാദിത്തമായി കാണുന്നതെന്നും 54കാരനായി സേവ്യര്‍ പറഞ്ഞു.