റിയാദ് - സൗദി അറേബ്യക്കും ഖത്തറിനുമിടയിൽ നിലവിൽ നേരിട്ട് വിമാന സർവീസുകളില്ലെന്ന് ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ചതല്ലാത്ത നഗരങ്ങളിലേക്ക് പുതുതായി സർവീസുകൾ ആരംഭിക്കാൻ തീരുമാനിക്കുന്ന പക്ഷം അതേക്കുറിച്ച് പരസ്യപ്പെടുത്തുമെന്നും സൗദിയ പറഞ്ഞു. സൗദി അറേബ്യക്കും ഖത്തറിനുമിടയിൽ എന്നു മുതലാണ് വിമാന സർവീസുകൾ പുനരാരംഭിക്കുകയെന്ന യാത്രക്കാരിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് സൗദിയ ഇക്കാര്യം വ്യക്തമാക്കിയത്.
അതിനിടെ, സൗദി വ്യോമ മേഖല വഴി സർവീസുകൾ നടത്താൻ തുടങ്ങിയതായി ഖത്തർ എയർവേയ്സ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 8.45 ന് ദോഹയിൽ നിന്ന് ജോഹന്നസ്ബർഗിലേക്കുള്ള ക്യു.ആർ 1365 ാം നമ്പർ ഫ്ളൈറ്റ് ആണ് ആദ്യമായി സൗദി വ്യോമ മേഖലയിലൂടെ സർവീസ് നടത്തിയ ഷെഡ്യൂൾഡ് ഫ്ളൈറ്റ് എന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു.
അതേസമയം, ഖത്തർ, സൗദി അതിർത്തിയിലെ സൽവ കരാതിർത്തി പോസ്റ്റ് തുറക്കുന്നതിനു മുന്നോടിയായ ഒരുക്കങ്ങൾ ഇരു രാജ്യങ്ങളും പൂർത്തിയാക്കിവരികയാണ്. ഖത്തറിൽ നിന്ന് പുറംലോകത്തേക്കുള്ള ഏക കരാതിർത്തിയാണിത്. അതിർത്തി പോസ്റ്റ് തുറക്കുന്നതിനുള്ള ഒരുക്കങ്ങളിൽ 90 ശതമാനവും പൂർത്തിയായിട്ടുണ്ട്. ജവാസാത്ത് ഡയറക്ടറേറ്റ്, കസ്റ്റംസ്, ആരോഗ്യ മന്ത്രാലയം എന്നിവ അടക്കം ഭൂരിഭാഗം സർക്കാർ വകുപ്പുകളും സൽവ അതിർത്തി പോസ്റ്റിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അതിർത്തി പോസ്റ്റ് ഔദ്യോഗികമായി തുറക്കുന്നതിന് ഉന്നതാധികൃതരുടെ നിർദേശം വരുന്നത് ബന്ധപ്പെട്ട വകുപ്പുകൾ കാത്തിരിക്കുകയാണ്.